Wednesday, August 15, 2012

ദൈവത്തെ കണ്ടെത്താം :ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തമുണ്ട്

ശാസ്ത്രം ദൈവത്തെ കണ്ടെത്തിയിട്ടില്ല, അത് കൊണ്ട് ഞങ്ങള്‍ വിശ്വസിക്കുന്നില്ല എന്ന് യുക്തിവാദികള്‍ വാദിക്കുന്നു..ശാസ്ത്രം ദൈവത്തെ നിരാകരിചിട്ടുമില്ല, പ്രമുഖരായ ശാസ്ത്രഞ്ഞരില്‍ പലരും ദൈവത്തെ അംഗീകരിക്കുന്നു, അത് കൊണ്ട് നിങ്ങള്‍ക്കെങ്ങനെ ദൈവമില്ലെന്ന് ഉറപ്പിക്കാന്‍ കഴിയുന്നു എന്ന തികച്ചും യുക്തി പൂര്‍വ്വമായ മറു ചോദ്യമെറിഞ്ഞാല്‍ ഇതേ ശാസ്ത്ര വാദികള്‍ക്ക് (?) ഉത്തരവുമില്ല.

ദൈവമുണ്ടെങ്കില്‍ ആ ദൈവം എവിടെയാണ്? ദൈവത്തെ ഞാന്‍ കണ്ടിട്ടില്ല അത് കൊണ്ട് ഞാന്‍ വിശ്വസിക്കില്ല? ദൈവം മറഞ്ഞിരിക്കുന്നതെവിടെയാണ്?..എക്കാലത്തെയും ദൈവ നിഷേധികള്‍ ദൈവത്തെ നിഷേധിക്കാന്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ ചിലത് മാത്രമാണിവ. വലിയ കെട്ടിടമുണ്ടാക്കി അതിന്‍റെ മുകളില്‍ കയറി നിന്ന് ഞാന്‍ ദൈവത്തെ ഒന്ന് എത്തി നോക്കട്ടെ എന്ന് പറഞ്ഞു പരിഹസിച്ച ഈജിപ്തിലെ ഫറോവയുടെ യുക്തിയില്‍ കവിഞ്ഞൊന്നും ഇക്കാലത്തെ ദൈവ നിഷേധികളും പ്രയോഗിക്കുന്നില്ല.

ദൈവം നിരീക്ഷണ വിധേയമോ?

അറിയപ്പെട്ടിടത്തോളം ഒബ്സര്‍വബിള്‍ പ്രപഞ്ചം (നമുക്ക് കാണാന്‍ കഴിയുന്ന , അല്ലെങ്കില്‍ വികിരണങ്ങള്‍ ഭൂമിയില്‍ എത്തുന്ന പ്രപഞ്ചം മാത്രം) 93 ബില്ല്യണ്‍ പ്രകാശ വര്‍ഷം വ്യാപ്തിയുള്ളതാണ്. യഥാര്‍ത്ഥ പ്രപഞ്ചം ഒരു പക്ഷെ അതിനേക്കാള്‍ വ്യാപ്തിയുണ്ടാകാം. ഇപ്പോഴും വികസിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.ഈ പ്രപഞ്ചത്തിലെ അനേകം നക്ഷത്ര സമൂഹങ്ങളില്‍ പെട്ട ഒരു നഷത്ര  സമൂഹത്തില്‍ പെട്ട സൗരയുഥത്തിലെ ഒന്‍പത്ഗ്രഹങ്ങളിലെ  താരതമ്യേന ചെറിയ ഒരു ഗ്രഹമായ ഭൂമിയില്‍ ജീവിക്കുന്ന ജീവികളില്‍ പെട്ടതാണ് മനുഷ്യര്‍...ഭൂമിക്ക് പുറത്തു ഒരു ഗ്രഹത്തില്‍ പോലും മനുഷ്യന്‍റെ നേരിട്ടുള്ള സാനിധ്യമുണ്ടായിട്ടില്ല. ഭൂമിയെക്കാള്‍ വ്യാപ്തിയുള്ള ചൊവ്വയുടെ ഒരു പ്രദേശത്ത് ക്യൂരിയോസിറ്റി എന്ന മനുഷ്യനില്ലാത്ത പേടകം ഇറക്കിയത് പോലും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്.മനുഷ്യന്‍ കാലുകുത്തി എന്ന് പറയുന്ന ചന്ദ്രനില്‍ പോലും മനുഷ്യ സാനിധ്യമെത്തിയത് ഏതാനും കിലോ മീറ്ററുകളില്‍ മാത്രമാണ്. ഇക്കാര്യം സൂചിപ്പിച്ചത് മനുഷ്യന്‍ നിരീക്ഷിച്ചു മനസ്സിലാക്കിയ  പ്രപഞ്ചം എത്രയോ ചെറുതാണ് എന്ന് ബോധ്യപ്പെടുത്താനാണ്.നിരീക്ഷിക്കാനുള്ള പ്രപഞ്ചവുമായി ഒത്തു നോക്കിയാല്‍ ഒരംശം പോലും നാം മനസ്സിലാക്കിയിട്ടില്ല. ഇനി മനുഷ്യന് ചെന്നെത്താന്‍ പോലും കഴിയാത്ത അകലത്തില്‍ ഈ പ്രപഞ്ചം വിസ്തൃതമായി കിടക്കുകയും ചെയ്യുന്നു. അതായത് നമ്മുടെ ആയുസ്സില്‍ പോയിട്ട് ഭൂമിയില്‍ മനുഷ്യന്‍ ജീവിക്കുന്ന കാലത്തോളം പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ നമുക്ക് കഴിയില്ലെന്ന് പറഞ്ഞാല്‍ അത് ശാസ്ത്ര വിരുദ്ധമായ ഒരു അവകാശ വാദമല്ല. പ്രകാശ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു പേടകം (പ്രകാശ വേഗത കൈവരിക്കാന്‍ കഴിയുമോ?) മനുഷ്യന്‍ സജ്ജമാക്കിയാല്‍ പോലും ഇപ്പോള്‍ കാണുന്ന പ്രപഞ്ചത്തിന്‍റെ ഭൂമിയില്‍ നിന്ന് വിദൂരമായ ഒരു കോണിലേക്കു ചെന്നത്താന്‍ പോലും ബില്ല്യണ്‍ കണക്കിന് പ്രകാശ വര്‍ഷം സഞ്ചരിക്കണം.ദൈവം മറഞ്ഞിരിക്കുകയാണോ എന്ന് പരിഹസിക്കുന്ന ഒരു ദൈവ നിഷേധി മനുഷ്യന്‍റെ ഈ പരിമിതികളെ കുറിച്ച് അബോധവാന്‍ ആയിരിക്കണം.പദാര്‍ത്ഥ ലോകത്തിനു പുറത്ത് നില നില്‍പ്പ് സാധ്യമായ ഒരു ശക്തിയെ കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത് എന്നെങ്കിലും ചുരുങ്ങിയത് മനസ്സിലാക്കുക.!

ഒരു ശില്‍പം കണ്ടാല്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശില്‍പ്പിയുടെ കരങ്ങളെ ആര്‍ക്കും മനസ്സിലാകും. ചരിത്രാതീത കാലത്തെ ശില്‍പ്പങ്ങള്‍ കിട്ടിയാല്‍ ഏതൊരു യുക്തിവാദിയും പറയും അത് മനുഷ്യ നിര്‍മ്മിതമാണെന്ന്. അല്ലാതെ മണ്ണിടിച്ചിലിലോ ഉരുള്‍പൊട്ടലിലോ ഉല്‍ക്കാ പതനത്തിലോ ആകസ്മികമായി യാദ്രിശ്ചികമായി രൂപപ്പെട്ടതാണ് എന്ന് ബുദ്ധിയുള്ളവര്‍ വാദിക്കുമെന്ന് കരുതുന്നില്ല. എല്ലാ കാര്യത്തിലും തെളിവ് ചോദിക്കുന്ന യുക്തിവാദിയും ശില്‍പ്പിയെ കാണണം എന്നാലേ വിശ്വസിക്കൂ എന്ന് വാശി പിടിക്കില്ല.ഇവിടെ ശില്‍പ്പിയെ കാണുന്നില്ലെങ്കിലും ഒരു ശില്‍പ്പിയുണ്ടായിരുന്നു എന്ന് ശില്‍പ്പം തെളിയിക്കുന്നു.ശില്‍പ്പിയുടെ തെളിവാകട്ടെ ശില്‍പ്പം തന്നെ. ഈ കുറഞ്ഞ യുക്തി മാത്രം മതി ദൈവത്തെ മനസ്സിലാക്കാന്‍.. .

ഇതേ യുക്തി ഉപയോഗിച്ച് പ്രപഞ്ചത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ ഒരു ശില്‍പ്പിയെ കണ്ടെത്താന്‍ പ്രയാസ്സമുണ്ടാവില്ല.ഒരു ശില്‍പ്പിയുടെ കരവിരുത് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വിശ്വാസിയും അവിശ്വാസിയും ഒരു പോലെ സമ്മതിക്കുന്ന കേവലം മനുഷ്യ നിര്‍മ്മിതമായ ഒരു നിര്‍ജ്ജീവ ശില്‍പ്പത്തേക്കാള്‍ മഹത്തരവും അന്യൂനവും അത്യല്‍ഭുതകരവുമായ സൃഷ്ടികളാണ് നമുക്ക് ചുറ്റും കാണാന്‍ കഴിയുന്നത്.ഒരു കല്ലില്‍ തീര്‍ത്ത ശില്പ്പത്തിനു പിന്നില്‍ ഒരു ശില്പ്പിയുണ്ടെന്നു വിശ്വസിക്കുന്നതിനെക്കാള്‍ പതിന്മടങ്ങ്‌ കരുത്തോടെ സാമാന്യ യുക്തി ഒരു ദൈവത്തെ അന്ഗീകരിക്കേണ്ടതാണ്. അതിനു പകരം അവയൊക്കെയും രൂപപ്പെട്ടത് തീര്‍ത്തും ആകസ്മികമായോ അല്ലെങ്കില്‍ യാദ്രിചികമായോ ആണ് എന്ന് ചിന്തിക്കുന്നതാണ് യുക്തി വിരുദ്ധവും അശാസ്ത്രീയവും.അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയെ നാം നേരിട്ട് കണ്ടിട്ടില്ല എന്ന ന്യായം കൊണ്ട് മാത്രം നിഷേധിക്കുന്നത് ഏറ്റവും ചുരുങ്ങിയത് ഇരട്ടത്താപ്പും ആത്മ വഞ്ചനയുമാണ്.

പ്രപഞ്ചത്തില്‍ അനുകൂല സാഹചര്യത്തില്‍ യാദ്രിചികമായി ജീവന്‍ രൂപപ്പെട്ടുവെന്നും കോടാനു കോടി വര്‍ഷങ്ങളിലൂടെ ദിശാ ബോധമില്ലാത്ത പ്രകൃതി നിര്‍ദ്ധാരണത്തിലൂടെയും പരിണാമത്തിലൂടെയും സൂക്ഷ്മ ജീവികള്‍ മുതല്‍ ഭീമാകാരമുള്ള ജന്തു ജാലങ്ങള്‍ വരെ പരിണമിച്ചുണ്ടായി എന്നും വിശ്വസിക്കേണ്ടി വരുന്നതും ഈ ഇരട്ടത്താപ്പ് മൂലമാണ്. വിട്ടു വീഴ്ച ചെയ്യാനാവാത്ത സങ്കീര്‍ണ്ണതകളും പ്രകൃതിയിലെ പാരസ്പര്യവും സന്തുലിതാവസ്ഥയും ഒരു മഹാനായ ശില്‍പ്പിയുടെ കര സ്പര്‍ശത്തിന്‍റെ ഉത്തമോദാഹരണങ്ങളാണ്.പ്രകൃതിയിലെ കണിശമായ കൃത്യതയും സന്തുലനാവസ്ഥയും നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.

എന്നാല്‍ പ്രകൃതിയില്‍ സന്തുലനാവസ്ഥയില്ലെന്നും ന്യൂനതയുണ്ടെന്നും വാദിക്കുക വഴി ദൈവത്തെ അവിശ്വസിക്കാനുള്ള പഴുതുകള്‍ തേടാനാണ് ഒരു ദൈവ നിഷേധി ശ്രമിക്കുന്നത്.മനുഷ്യന്‍റെ സ്രിഷ്ടിപ്പില്‍ ന്യൂനതയുണ്ടെത്രേ!. ഈ ഭൂമിയില്‍ ജീവിക്കാനുതകുന്ന തരത്തിലാണ് മനുഷ്യന്‍റെ സൃഷ്ടിപ്പ്. ഇതിനേക്കാള്‍ മെച്ചപ്പെട്ട ഒരു പ്രകൃതി മനുഷ്യന് നിര്‍ദേശിക്കാനും ഇവര്‍ക്കാവില്ല. എല്ലാ തലങ്ങളില്‍ നിന്നും ചിന്തിച്ചു നോക്കിയാല്‍ മനുഷ്യന്‍റെ നില നില്‍പ്പിനും സാമൂഹ്യപരമായ ഇടപെടലുകള്‍ക്കും ഉതകുന്ന തരത്തിലാണ് മനുഷ്യന് നല്‍കപ്പെട്ട കഴിവുകള്‍. ...മനുഷ്യന്‍റെ ഇന്ദ്രീയ പരിമിതികളും കഴിവുകളും നമ്മുടെ സാമൂഹ്യ ജീവിതത്തിനു സഹായിക്കുന്ന തരത്തിലാണ്. കാണേണ്ടത് കാണാനും കാണേണ്ടാത്തത് കാണാതിരിക്കാനും കേള്‍ക്കേണ്ടത് കേള്‍ക്കാനും കേള്‍ക്കെണ്ടാത്തത് കേള്‍ക്കാതിരിക്കാനും മണക്കേണ്ടത് മണക്കാനും മണക്കേണ്ടാത്തത് മണക്കാതിരിക്കാനും കഴിയുന്ന തരത്തില്‍ സന്തുലിതമായ ഒരു ഇന്ദ്രീയ പരിധിയാണ് മനുഷ്യന്. ഇതിനേക്കാള്‍ കൂടിയതും കുറഞ്ഞതുമായ ഒരു റേഞ്ചിലായിരുന്നു മനുഷ്യന്‍റെ കഴിവുകള്‍ എങ്കില്‍ നമ്മുടെ ജീവിതം താളം തെറ്റുമായിരുന്നു. ഒരു പക്ഷെ ഇന്ന് നമുക്ക് ആസ്വാദ്യകരമായ പലതും നമുക്ക് വ്യര്‍ജ്ജിക്കേണ്ടി വരുമായിരുന്നു. നമ്മുടെ നഗ്ന നേത്രങ്ങള്‍ക്ക് അല്‍പ്പം കൂടി കാഴ്ച ശക്തി കൂടിയിരുന്നെങ്കില്‍  സൂക്ഷ്മ ജീവികളെ നമുക്ക് കാണാന്‍ കഴിയുമായിരുന്നുവെങ്കില്‍ ഒരാളെയും നാം സ്പര്ശിക്കുമായിരുന്നില്ല. ഒരു പിടി ഭക്ഷണം പോലും കഴിക്കാന്‍ നമുക്ക് കഴിയുമായിരുന്നില്ല. ഘ്രാണശക്തി അല്‍പ്പം കൂടി കൂടിയിരുന്നുവെങ്കില്‍ സ്വസ്ഥമായി മൂക്ക് പൊത്താതെ നമുക്ക് ഇരിക്കാന്‍ ആവുമായിരുന്നില്ല. കേള്‍വി ശക്തി അല്പം കൂടി കൂടിയിരുന്നുവെങ്കില്‍ സുഖകരമായി ഉറങ്ങാന്‍ കഴിയുമായിരുന്നില്ല. പല മൃഗങ്ങളുടെയും ആശയ വിനിമയം മനുഷ്യന് കേള്‍ക്കാന്‍ കഴിയാത്ത തരത്തില്‍ ഉയര്‍ന്ന തരംഗ ദൈര്‍ഘ്യത്തിലാണ്. ഉദ്ദാഹരണത്തിന് ആനകള്‍ തന്നെ. ആനകള്‍ കിലോ മീറ്ററുകള്‍ അകലേക്ക്‌ വരെ  ആശയ വിനിമയം നടത്തുന്നുണ്ടെത്രേ. ചുരുക്കത്തില്‍ മനുഷ്യന്‍റെ ഇന്ദ്രീയ പരിധി മനുഷ്യന്‍റെ നില നില്‍പ്പിനെ സഹായിക്കുന്ന തരത്തില്‍ ഒരു അനുഗ്രഹം തന്നെയാണ്. അത് ന്യൂനതയല്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ ഭാഗമാണ്.

ഭൂമിയുടെ നില നില്‍പ്പും അത്തരം ഒരു സന്തുലിതാവസ്ഥയിലാണ്. സൗരയുഥത്തില്‍ ഭൂമിയുടെ സ്ഥാനം പോലും വളരെ സന്തുലിതമാണ്. ഭൂമിയുടെ ഇപ്പോഴുള്ള ഓര്‍ബിറ്റില്‍ നിന്ന് തെറ്റി സൂര്യനോട് ഒരല്‍പം മാത്രം അടുത്തായിരുന്നു അതിന്‍റെ സ്ഥാനമെങ്കില്‍ ചൂട് കൊണ്ട് ഒരു ജീവി പോലും ഭൂമിയില്‍ കാണുമായിരുന്നില്ല.അതെ സമയം ഒരല്‍പം അകലെയായിരുന്നു സ്ഥാനമെങ്കില്‍ തണുപ്പു കൊണ്ട് ഒരു ജീവി പോലും ജീവിക്കുമായിരുന്നില്ല. സന്തുലിതാവസ്ഥയില്ലേ? ഇല്ലെന്നു പറയുന്നവര്‍ ഇതിനേക്കാള്‍ നല്ല ഒരു ഓര്‍ബിറ്റ് നിര്‍ദേശിക്കാന്‍ തയ്യാറാവുമോ? ഭൂമിയുടെ അന്തരീക്ഷത്തിലെ ഓസോണ്‍ പാളി പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ ഭാഗമാണ്. മനുഷ്യന്‍റെ അനിയന്ത്രിതമായ കൈകടത്തല്‍ കാരണം ഈ സന്തുലിതാവസ്ഥ താളം തെറ്റുബോഴാണ് ഇതിനെ കുറിച്ച് നാം കൂടുതല്‍ മനസ്സിലാക്കുന്നത്.

മനുഷ്യന്‍റെ അജ്ഞതയില്‍ അല്ല ദൈവത്തെ കുടിയിരുത്തിയിരിക്കുന്നത്. തുറന്ന ബോധ മനസ്സില്‍ തന്നെയാണ്. അറിവുകള്‍ ദൈവത്തെ നിരാകരിക്കുന്നില്ല.അറിവില്ലായ്മ ദൈവത്തെ അന്ഗീകരിക്കനമെന്നുമില്ല. ആറ്റത്തില്‍ സൂക്ഷം കണങ്ങള്‍ ഉണ്ടെന്ന അറിവ് എങ്ങനെയാണ് ദൈവത്തെ നിഷേധിക്കുന്നത്?ചന്ദ്രനില്‍ ജലം ഉണ്ടെങ്കില്‍ എങ്ങനെയാണ് ദൈവം അപ്രസക്തമാകുന്നത്? ഹിഗ്സ് ബോസോണ്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും എങ്ങനെയാണ് ദൈവാസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്നത്. ഓരോ പുതിയ അറിവുകളും പ്രകൃതിയില്‍ സൂക്ഷ്മ തലത്തില്‍   സംവിധാനിച്ചു വെച്ചിരിക്കുന്ന അപാരമായ എന്ജിനീയറിംഗ് മികവാണ് ബോധ്യപ്പെടുത്തുന്നത്. ആ അറിവിന്‍റെ വെളിച്ചത്തില്‍ തെളിയുന്നത് ദൈവമെന്ന എഞ്ചിനീയര്‍ തന്നെയാണ്. അല്ലാതെ പ്രകൃതിയില്‍ ഇക്കാണുന്നതെല്ലാം കേവലം യാദ്രിശ്ചികതയുടെ അക്കൌണ്ടില്‍ നിക്ഷേപ്പിക്കുന്നതാണ് യുക്തി ശൂന്യത.

ബിഗ്‌ ബാങ്ങിനു ശേഷം സെക്കന്റിന്‍റെ  സൂക്ഷ്മമായ അംശത്തിലും ജീവോല്‍പ്പതിയിലും പരിണാമ വികാസങ്ങളിലും സങ്കീര്‍ണ്ണ അവയവങ്ങളുടെ രൂപപ്പെടലിലും എല്ലാത്തിലും  യാദ്രിശ്ചികതയെ മാത്രം കുടിയിരുത്തുന്നത് യുക്തിസഹമാണോ? അതിനു മാത്രം തുടരെ തുടരെ ആവര്‍ത്തിക്കുന്ന ഈ യാദ്രിശ്ചികത ചിന്തനീയമാണോ? ഒരിക്കലുമല്ല. ഏതു ഗണിത ശാസ്ത്ര സാധ്യതകള്‍ എടുത്താലും ഇക്കാര്യം ബോധ്യമാവും. ഇത്തരം സാധ്യതകളുടെ സാധ്യത തീരെ ഇല്ലെന്നു തന്നെ പറയാം. ഏതൊരു വികാസത്തിന് പിന്നിലും യാദ്രിശ്ചികമായ മാറ്റങ്ങളും പ്രകൃതി നിര്‍ദടാരണവുമാണ് എന്ന് വാദിക്കുമ്പോള്‍ അതിനു മാത്രം വിശാലമാണോ ഈ പ്രകൃതി നിര്‍ദ്ദാരണം? നല്‍കപ്പെട്ട നിര്‍വ്വചനങ്ങള്‍ പോലും ഏറെ ദുര്‍ബലമാണ്.

ദൈവത്തെ മനസ്സിലാക്കാന്‍ ഏറെയൊന്നും പണിപ്പെടെണ്ടതില്ല. കണ്‍ മുന്നില്‍ കാണുന്ന സര്‍വ്വ ചരാചരങ്ങളുടെ പിന്നിലും ഒരു ഡിസൈനറെ കാണും. അതിനു സത്യം അറിയാനുള്ള ഒരു മനസ്സു വേണം.


ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തമുണ്ട്- ഖുര്‍ആന്‍




6 comments:

  1. http://www.youtube.com/watch?v=PuSQ2BTatnE

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
    Replies
    1. https://www.facebook.com/groups/naserkp/

      Delete
  3. RAVICHANDRAN VERUM POTTATHARATHINTE ASHAN

    ReplyDelete
  4. വളരെ നന്നായിട്ടുണ്ട്, അല്പം നിഷ്പക്ഷത കാണിക്കുന്ന ഏത് യുക്തി വദിക്കും ഈ പ്രപഞ്ചം ഒരു സ്ര്ഷ്ടാവിലേക്ക് വിരല്‍ ചോണ്ടുന്ന വിധമാണ് സൃഷ്ട്ടിക്കപ്പെട്ടത് എന്നു കാണാനാവും .. എത്രത്തില്‍ ഉള്ള പോസ്റ്റുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു

    ReplyDelete