Tuesday, August 21, 2012

ബിന്‍ ലാദന്‍ മാതൃകാ പുരുഷനോ?

ആദ്യമേ തന്നെ പറയാം ;ഈ പോസ്റ്റ്‌ ഉസാമ ബിന്‍ ലാദന്‍ എന്ന വ്യക്തിയെ സമഗ്രമായ പഠനത്തിന് വിധേയമാക്കി അദ്ദേഹത്തെ വിലയിരുത്താന്‍ അല്ല.ലഭ്യമായ വിവരങ്ങള്‍ വെച്ച് എന്‍റെ അഭിപ്രായം പറയുകയാണ്‌.. സത്യങ്ങള്‍ മൂടി വെക്കപ്പെടുകയും തങ്ങള്‍ക്കാവശ്യമായ തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ലഭ്യമായ വിവരങ്ങള്‍ വെച്ച് അഭിപ്രായം പറയുക എന്ന നിവൃത്തികേടാണ് സംജാതമായിരിക്കുന്നത്.പോസ്റ്റിലെ വിഷയത്തിലേക്ക് വരാം.

സൗദി പൌരനായി ജനിച്ച ഉസാമ സോവിയറ്റ്‌ യൂണിയന്‍റെ അഫ്ഘാന്‍ അധിനിവേശ സമയത്താണ് ഭീകര വാദത്തിലേക്ക് തിരിയുന്നത്. 1980 കളില്‍ അഫ്ഘാനിലെ സോവിയറ്റ് അധിനിവേശത്തെ ചെറുക്കാന്‍ തന്‍റെ പണവും സഹായവും നല്‍കിയ അദ്ദേഹം അതിനു വേണ്ടി പണം കണ്ടെത്താന്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസ്സും പാക്കിസ്ഥാനില്‍ തുടങ്ങി. പിന്നീടാണ് വിപുലമായ രീതിയില്‍ ഭീകര വാദി ആയി മാറുന്നത്.അതിനു സഹായവും ആളും അര്‍ത്ഥവും നല്‍കിയതും പിന്നീട് ശത്രുക്കളായി മാറിയ അമേരിക്ക തന്നെയായിരുന്നു. അക്കാര്യം അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായ ഹിലരി ക്ലിന്റന്‍ തന്നെ ഈയിടെ സമ്മതിച്ച കാര്യമാണ്. 'ഞങ്ങളാണ് അല്‍ ഖയിദയെ സൃഷ്ടിച്ചത് ..' എന്ന ചരിത്ര പ്രസിദ്ധമായ ആ കുറ്റ സമ്മതം ഇവിടെ കാണാം:

അപ്പോള്‍ കാര്യം വളരെ വ്യക്തമാണ്. ചില പ്രത്യേക സാഹചര്യത്തില്‍ ചങ്ങാത്തത്തില്‍ ആയവര്‍ മറ്റൊരു മാറിയ സാഹചര്യത്തില്‍ കൊടിയ ശത്രുക്കള്‍ ആയ കാഴ്ചയാണ് നാം ഇതുവരെ കണ്ടത്. അമേരിക്കയുടെ വഴി തെറിച്ചു പോയ  ജാര സന്തതിയുടെ പിതൃത്വം ഏറ്റെടുക്കേണ്ട ഗതി കേട് ഇസ്ലാമിക സമൂഹത്തിനില്ല. 

ഇനി ലഭ്യമായ അറിവുകള്‍ വെച്ച് വിലയിരുത്തിയാല്‍ പോലും ഉസാമ എന്ന ഭീകരവാദിയുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമികമായിരുന്നില്ല എന്ന് മനസ്സിലാക്കാന്‍ പ്രയാസ്സമുണ്ടാവില്ല. മറ്റു പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന് വിഭിന്നമായി ഇസ്ലാമില്‍ ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കില്ല.ലക്ഷ്യവും മാര്‍ഗ്ഗവും ഒരു പോലെ പ്രധാനമാണ് ഇസ്ലാമില്‍.. അധിനിവേശത്തെ ചെറുക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ അല്‍ ഖായിദ പോലുള്ള സംഘടനകള്‍ സ്വീകരിച്ച മാര്‍ഗ്ഗം ഇസ്ലാമിന്‍റെ അധ്യാപനങ്ങള്‍ക്ക് കടക വിരുദ്ധമായിരുന്നു . നിരപരാധികളെ പിടി കൂടുകയും ക്രൂരമായി കൊലപ്പെടുത്തുകയും അത് വീഡിയോയില്‍ ചിത്രീകരിച്ചു സംപ്രേക്ഷണം ചെയ്യുകയും ചാവേര്‍ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു കൊണ്ട് ഇസ്ലാമിന് അന്യമായ ഒരു പോരാട്ട രീതിയാണ് അവര്‍ സ്വീകരിച്ചത്. അതോടൊപ്പം പൊതു സമൂഹത്തില്‍ ഇസ്ലാമിന്‍റെ പ്രതിച്ചായക്ക്‌ ഭംഗം വരുത്തുന്ന തരത്തില്‍ അതിനെ ന്യായീകരിക്കുകയും ചെയ്തപ്പോള്‍ അതിന്‍റെ ഗൌരവം കൂടുകയും ചെയ്തു. 

ഇക്കാര്യത്തില്‍ മുസ്ലിം ലോകം തന്നെ പലപ്പോഴും ഫതവകള്‍ ഇറക്കിയതും ഇസ്ലാമിന്‍റെ പക്ഷം വിശദീകരിച്ചതുമാണ്. ISLAMIC COMMISSION OF SPAIN പുറപ്പെടുവിച്ച ഫതവ ഏറെ പ്രസക്തമായിരുന്നു.ആ ഫതവയുടെ ഇംഗ്ലീഷ്, സ്പാനിഷ്‌ കോപ്പികള്‍ കിട്ടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. നിരപരാധികളുടെ ജീവനും സ്വത്തും ഹനിക്കുന്ന പോരാട്ട മാര്‍ഗ്ഗം ഇസ്ലാം വിരുദ്ധമാണ് എന്ന് തെളിവുകള്‍ സഹിതം ഈ ഫത്‌വയില്‍ വിശധീകരിക്കുന്നുണ്ട്. അവയില്‍ ചില കാര്യങ്ങള്‍ ഇപ്രകാരമാണ്:

  • നിരപരാധികളുടെ ജീവനും സ്വത്തും നശിപ്പിക്കുന്ന തീവ്രവാദം ഇസ്ലാം അനുവദിക്കുന്നില്ല.
  • ഇത്തരം ഭീകരാക്രമണങ്ങളുടെ ഇരകളില്‍ അധികവും മുസ്ലിംകള്‍ തന്നെയാണ്. എന്നാല്‍ അതെ സമയം ഈ പോരാട്ടങ്ങള്‍ ഇസ്ലാമികമാണ് എന്ന് അവകാശപ്പെടുകയും ചെയ്യുമ്പോള്‍ ഇസ്ലാമിനെ മറ്റുള്ളവര്‍ ഭയപ്പെടുകയും അത് ഫലത്തില്‍ ശത്രുക്കളുടെ താല്പര്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
  • ഇസ്ലാമിക സമൂഹത്തിന്‍റെ പിന്തുണ നേടിയെടിക്കാന്‍ ഖുര്‍ആനിക വചനങ്ങളെ ദുരുപയോഗം ചെയ്യുന്നു.ഈ വഞ്ചന ഇസ്ലാമിക സമൂഹം ഒന്നടങ്കം ശക്തിയുക്തം തടയേണ്ടതാണ്.
  • തീവ്ര വാദം നടത്തുന്നവര്‍ ഖുര്‍ആനിക അധ്യാപനങ്ങള്‍ ലംഘിക്കുകയും അത് വഴി ഇസ്ലാമിക വൃത്തത്തില്‍ നിന്ന് വ്യതിചലിക്കുകയും ചെയ്തിരിക്കുന്നു.

ഇത് തന്നെയാണ് ഇസ്ലാമിന്‍റെ ഔദ്യോഗിക നിലപാടും.ഇസ്ലാം എന്ന് കേള്‍ക്കുമ്പോള്‍ മുഖം മൂടിയണിഞ്ഞ ആയുധ ധാരികളുടെ ഭീകര രൂപം മനസ്സില്‍ തെളിയുന്ന തരത്തില്‍ തെറ്റിധാരണ പരത്താന്‍ മാത്രമാണ് ഈ ഭീകര വാദികള്‍ക്ക് കഴിഞ്ഞിട്ടുള്ളത്. ഇസ്ലാമില്‍ പോരാട്ടം അനുവദിക്കപ്പെട്ടത് കടുത്ത നിബന്ധനകള്‍ക്ക് വിധേയമായി മാത്രമാണ്. ഇനി യുദ്ധം അടിചെല്‍പ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ പോലും ഇസ്ലാമിന് കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഉണ്ട്. സ്ത്രീകളെയോ കുട്ടികളെയോ വൃദ്ധരെയോ ആക്രമിക്കരുത്, വൃക്ഷങ്ങള്‍ മുറിക്കരുത്,താമസ സ്ഥലങ്ങള്‍ നശിപ്പിക്കരുത്, യുദ്ധത്തില്‍ മുതലുകള്‍ കൊള്ളയടിക്കരുത്  എന്നിങ്ങനെ ശക്തമായ നിര്‍ദേശങ്ങള്‍ ഉണ്ട്. (സഹീഹു മുസ്ലിം 19:4319, സുനന്‍ അബൂ ദാവൂദ്‌ 8:2663). പ്രകൃതിക്ക് പോലും കോട്ടം തട്ടാത്ത തരത്തിലുള്ള പ്രതിരോധമാണ് ഇസ്ലാം അനുവദിക്കുന്നത്. ഏതെങ്കിലും ഭീകരവാദികള്‍ ആള്‍ കൂട്ടത്തിലും കെട്ടിടങ്ങളിലും നിരപരാധികളെ ലക്‌ഷ്യം വെച്ച് നടത്തുന്ന ബോംബു സ്ഫോടനം ഇസ്ലാമികമായ ജിഹാദാണ് എന്ന് അവര്‍ അവകാശപ്പെട്ടാലും  അതിന് ഇസ്ലാമില്‍ പ്രമാണങ്ങളുടെ പിന്തുണയില്ലെന്ന് മാത്രമല്ല  ഇസ്ലാമിന്‍റെ നിര്‍ദേശങ്ങള്‍ അവര്‍ കാറ്റില്‍ പറത്തുകയും ചെയ്തിരിക്കുന്നു. ഇസ്ലാമില്‍ അവര്‍ അതിക്രമാകാരികളാണ്. (ഇക്കാര്യം വ്യക്തമാക്കിയ പോസ്റ്റ്‌ കിട്ടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

ഇസ്ലാം നിരോധിച്ച മാര്‍ഗ്ഗങ്ങളിലൂടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്  പണം കണ്ടെത്തുന്നത് എന്ന് കൂടി മനസ്സിലാവുമ്പോള്‍ ഇക്കാര്യത്തിലെ ഇസ്ലാമികാഭിപ്രായം വളരെ വ്യക്തമാണ്. കള്ളക്കടത്തും ലഹരി മരുന്ന് കടത്തും ജ്വല്ലറി കൊള്ളയടിക്കലും എല്ലാം ഇസ്ലാം വിരോധിച്ച കാര്യങ്ങള്‍ തന്നെ. ലക്ഷ്യവും മാര്‍ഗ്ഗവും ഇസ്ലാമില്‍ ഒരു പോലെ പ്രധാനമാണ് എന്ന് പറയുന്നത് ഇത് കൊണ്ട് കൂടിയാണ്. 

ചുരുക്കി പറഞ്ഞാല്‍ ഉസാമ ബിന്‍ ലാദന്‍ ഒരു മാതൃകാ പുരുഷന്‍ അല്ലെന്നു മാത്രമല്ല ഇസ്ലാമിന്‍റെ അധ്യാപനങ്ങളെ തന്നെ ധിക്കരിച്ചു പോയ ഒരാളായാണ്‌ മനസ്സിലാവുന്നത്. ആരൊക്കെ 'ഷഹീദ് ' എന്ന് വിളിച്ചു മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചാലും ലഭ്യമായ വിവരങ്ങള്‍ മറിച്ചു ചിന്തിക്കാന്‍ തന്നെയാണ് എന്നെ പ്രേരിപ്പിക്കുന്നത്. അമേരിക്കയുടെ ജാര പുത്രനെ പേറേണ്ട ഗതികേട് ഇസ്ലാമിനില്ല എന്ന് കൂടി ആവര്‍ത്തിക്കട്ടെ!







2 comments:

  1. അമേരിക്കയുടെ ജാര പുത്രനെ പേറേണ്ട ഗതികേട് ഇസ്ലാമിനില്ല എന്ന് കൂടി ആവര്‍ത്തിക്കട്ടെ!

    ReplyDelete