Saturday, June 30, 2012

യുക്തി വാദികളേ, ഒരു കഥ പറയാം ....

ഇനി നമുക്ക് ഒരു കഥ പറയാം...

ഒരു ഗ്രാമത്തില്‍ ഒരു നിരീശ്വര  വാദി ഉണ്ടായിരുന്നു .  ദൈവം ഇല്ലെന്നു നിരന്തരം വാദിച്ചിരുന്ന ഇദേഹം ഗ്രാമത്തിലെ ഒരു പണ്ഡിതനെ ദൈവം ഉണ്ടെന്നു തെളിയിക്കാന്‍ വെല്ലു വിളിച്ചു .സമയവും വേദിയും
നിശ്ച്ചയിക്കപ്പെട്ടു. വിവരം എല്ലാവരെയും അറിയിച്ചു . സംവാദത്തിന്റെ  വേദിയും  തയ്യാറായി.

ജനങ്ങള്‍ സമ്മേളിച്ചു .  സംവാദത്തിനു  തയ്യാറായി  യുക്തി വാദിയും നേരത്തെ തന്നെ വേദിയില്‍  എത്തി ചേര്‍ന്നു . നേരത്തെ നിശ്ചയിക്കപ്പെട്ട സമയമായിട്ടും ദൈവ  വാദിയായ പണ്ഡിതന്‍ എത്തിയില്ല . സമയം  ഇഴഞ്ഞു  കൊണ്ടിരുന്നു . അക്ഷമരായി ജനങ്ങളും  യുക്തി വാദിയും കാത്തിരിക്കുമ്പോള്‍ ഓടി കിതച്ചു കൊണ്ട് ദൈവ വാദിയായ പണ്ഡിതന്‍ എത്തി  ചേര്‍ന്നു .എല്ലാവരോടും  ക്ഷമാപണങ്ങളോടെ  പണ്ഡിതന്‍ മൈക്കിന്   മുന്‍പില്‍ എത്തി .

"പ്രിയമുള്ളവരേ , വൈകിയതിന്  മാപ്പ് !  ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ ശക്തമായി  മഴ  പെയ്യുന്നുണ്ടായിരുന്നു.നമ്മുടെ  ഗ്രാമത്തിലെ  നദിയാവട്ടെ  കര കവിഞ്ഞൊഴുകുന്നു.പുഴയ്ക്കു  കുറുകെ കെട്ടിയ  തടിപ്പാലം  വെള്ളത്തില്‍ ഒലിച്ചു  പോയ കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ ?  എന്ത് ചെയ്യണമെന്നു ഒരു തീര്ച്ചയുമില്ലാതെ ഞാന്‍   നില്‍കുമ്പോള്‍ എന്‍റെ  ഭാഗ്യത്തിന് പുഴക്കരയിലെ  വലിയ മരം കട  പുഴകി  നദിയിലേക്ക്  വീണു .ഞാന്‍   നോക്കി നില്‍ക്കുമ്പോള്‍  അതിന്‍റെ ശിഖിരങ്ങള്‍  സ്വയം മുറിഞ്ഞു വേര്‍പ്പെട്ടു പോയി . ഉടന്‍  തന്നെ ആ  മരത്തടി സ്വയം പിളര്‍ന്ന് പലകകളായി .ആ പലകകളില്‍ സ്വയം സുഷിരങ്ങള്‍ വീഴുകയും ആ പലകകങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു ബോട്ടായി മാറുകയും ചെയ്തു .ആ ബോട്ടില്‍ നദി കടന്നാണ്  ഞാന്‍ വരുന്നത് .വൈകിയതിനു  എന്നോട് ക്ഷമിക്കൂ ..."

ദൈവ വാദിയുടെ വാക്കുകള്‍  കേട്ട യുക്തിവാദിയും ആബാലവൃദ്ധം   ഗ്രാമീണരും ആര്‍ത്തലച്ചു  ചിരിച്ചു .ചിരിയടക്കാന്‍  പാട് പെട്ട് കൊണ്ട് യുക്തിവാദി   വിളിച്ചു പറഞ്ഞു :

" ഇയാള്‍ക്ക്  ഭ്രാന്താണ്! ഒരു  മരം ആരുടേയും  സഹായമില്ലാതെ  സ്വയം ഒരു ബോട്ടായി മാറുമെന്നോ ? വട്ടന്‍ !"

ഗ്രാമീണര്‍ വീണ്ടും ആര്‍ത്തു  ചിരിച്ചു .

"ഇയാള്‍ക്ക് ഭ്രാന്താണ് " ചിലര്‍   വിളിച്ചു പറഞ്ഞു .

ചിരിയും ബഹളങ്ങളും അടങ്ങിയപ്പോള്‍ ദൈവ വാദിയായ പണ്ഡിതന്‍  വീണ്ടും സംസാരിക്കാന്‍  തുടങ്ങി:

"ഒരു ബോട്ട്  സ്വയം  ഉണ്ടാവില്ലെന്ന്  നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍  
 എങ്ങനെയാണ്  ഈ കാണുന്നവയെല്ലാം ഇത്ര കണിശമായ  കൃത്യതയോടെ  സ്വയം ഉണ്ടായത് ?പൂവും  പൂമ്പാറ്റയും  തേനും  തേനീച്ചയും  ആണും പെണ്ണും മഴയും  വെയിലും താരങ്ങളും  താരാപഥങ്ങളും  പുല്ലും  പുല്‍ച്ചാടിയും   എന്ന് വേണ്ട ഇക്കാണുന്ന എല്ലാം സ്വയം ഉണ്ടായതാണോ?"

ജനങ്ങള്‍ നിശബ്ദരായി ! യുക്തിവാദിയും !!

**************************************


ശാസ്ത്രം തെളിയിച്ചുവോ ?

 ദൈവ വാദത്തെ നിരാകരിച്ചും പരിഹസിച്ചുമിടുന്ന പോസ്റ്റുകള്‍  പരിണാമ  വാദത്തെ ഉയര്തിക്കാട്ടുന്നവയാണ് മൊത്തത്തില്‍.ഇത്തരം പോസ്റ്റുകള്‍ കണ്ടാല്‍ സ്വാഭാവികമായും പരിണാമം സൃഷ്ടി വാദത്തിനു ബദല്‍  ആയി വികസിച്ചു കാണും എന്ന   തെറ്റിദ്ധാരണ ഉണ്ടാവാനിടയുണ്ട് .   പരിണാമം  ഒരു ശാസ്ത്ര ശാഖയാണോ  എന്ന തര്‍ക്കം പരിണാമ വാദികള്‍ക്കിടയില്‍  തന്നെ  ശക്തമാകുന്ന സവിശേഷകരമായ സാഹചര്യത്തില്‍ പരിണാമത്തെ എതിര്‍ക്കുന്നവരെ മുഴുവന്‍  ശാസ്ത്ര വിരോധികള്‍ എന്ന് വിളിച്ച് പരിഹസിക്കുമ്പോള്‍ പരിണാമ വാദം അന്യൂനമാണെന്നു  കരുതുന്ന ഒരു കൂട്ടം പരിനാമാന്ധവിശ്വാസികളെയാണ് കാണാന്‍ കഴിയുന്നത്‌ .

പരിണാമ വാദിയായ  കാള്‍ പോപ്പര്‍ തന്നെ പരിണാമം ഒരു  ശാസ്ത്രമല്ലെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട് .( Evolution is not a testable scientific theory but a metaphysical research program-Sir Karl Popper.  ഇന്നും തെളിയിക്കാനാവാത്ത ഒരു പിടി നിഗമനങ്ങളാണ് പരിണാമ വാദത്തിന്‍റെ  കൈമുതല്‍ .

ഒരു സ്പീഷിസിനു അകത്ത്  നടക്കുന്ന സൂക്ഷ്മ പരിണാമങ്ങള്‍  ആ സ്പീഷിസിന്‍റെ അതിരുകള്‍ വിട്ടു ആ ജീവിയെ മറ്റൊരു ജീവിയാക്കുന്ന തരത്തില്‍ മാറ്റുമെന്ന് ഇന്ന് വരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല . മാത്രമല്ല ഇത്തരം ജനിതക മാറ്റങ്ങള്‍  അത്തരം പരിനാമാങ്ങളിലേക്ക് നടക്കില്ലെന്ന് വരെ അഭിപ്രായം ശക്തമാകുന്നുണ്ട്. .പരിണാമത്തെ സഹായിക്കുന്ന പോസിടീവ് മ്യൂട്ടേഷനുകള്‍ നടക്കാനുള്ള  സാധ്യതകള്‍ ഏറെ ശുഷ്കമാണെന്നും പ്രകൃതിയില്‍ ഏറെയും  നടക്കുന്നത് അപകടകരമായ നെഗടീവ് മ്യൂട്ടെഷനുകളാണെന്നും  ഇന്ന് തെളിയിക്കപ്പെട്ടതാണ് . നമ്മുടെ ചുറ്റുപാടുകളിലെക്ക് കണ്ണോടിച്ചാല്‍ നമുക്ക് തന്നെ ബോധ്യമാവുന്ന വസ്തുതയാണിത് .

     
Cystic Fibrosis, muscular dystrophy, hemophilia, leukemia, and sickle-celled anemia  തുടങ്ങി അറിയപ്പെട്ടിടത്തോളം നാലായിരം രോഗങ്ങളും ഇതുവരെയും അജ്ഞാതമായി തുടരുന്നവയും  കൂട്ടിയാല്‍ മൊത്തം  ആരായിരത്തോളം രോഗങ്ങള്‍ ഇത്തരം  നെഗടീവ് മ്യൂട്ടെഷനുകളുടെ ഫലമായി ഇന്നുണ്ട് . മാത്രമല്ല , ഉല്‍ പരിവര്‍ത്തനങ്ങളില്‍ 99 % ല്‍ അധികവും ഹാനികരമാണെന്ന് നോബല്‍ സമ്മാന ജേതാവായ Hermann J Muller അഭിപ്രായപ്പെടുന്നുണ്ട്. മാത്രമല്ല ഉല്‍ പരിവര്‍ത്തന വിധേയമാകുന്ന ഘടകം ഉടന്‍ തന്നെ മറ്റു ഘടകങ്ങളുമായി സംവേദനം നടത്തേണ്ടതും അല്ലാത്ത പക്ഷം സ്വയം നശിപ്പിക്കപ്പെടുന്നതുമാണ് എന്ന് ജനിതക ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നു. ഒരു ജീവിയെ  മറ്റൊരു ജീവിയാക്കി മാറ്റാന്‍ പ്രകൃതിയില്‍ നിരന്തരം പോസിടീവ്  ഉല്പരിവര്‍ത്തനം നടന്നു കൊണ്ടിരിക്കണം എന്നിരിക്കെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഒരു പോസിടീവ് ഉല്‍പരിവര്‍ത്തനത്തെ പേരെടുത്തു പരാമര്‍ശിക്കാന്‍  റിച്ചാര്‍ഡ്‌ ഡോക്കിന്സിനു  പോലും കഴിഞ്ഞിട്ടില്ല . പോസിടീവ് ഉല്‍ പരിവര്‍ത്തനങ്ങളുടെ വിരള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന ആറ്റോമിക് ശാസ്ത്രഞ്ഞരുടെ അഭിപ്രായം   കൂടി കാണുക :

"It is entirely in line with the accidental nature of mutations that extensive tests have agreed in showing the vast majority of them detrimental to the organism in its job of surviving and reproducing -- good ones are so rare we can consider them all bad." (Bulletin of the Atomic Scientists 11:331)


തെളിയിക്കപെടാത്ത ഒരു  പിടി നിഗമനങ്ങളുടെ മാത്രം ബലത്തിലാണ് യുക്തിവാദികളുടെ പരിഹാസ പോസ്റ്റുകള്‍ വെളിച്ചം കാണാറുള്ളത്‌ .ചില കാര്യങ്ങളെ പെരുപ്പിച്ചു  എഴുതിയത് കണ്ടാല്‍  എല്ലാം ശാസ്ത്രത്തിന്റെ പകല്‍ വെളിച്ചത്തില്‍ തെളിഞ്ഞതാണെന്ന് തോന്നിക്കും .ഉള്ളറകള്‍  ചികഞ്ഞാല്‍ കാര്യം വിപരീത ഫലമായിരിക്കും . 

Sunday, June 17, 2012

ജീവന്‍റെ ആദ്യ കണിക: മില്ലെര്‍ -യുറേ പരീക്ഷണം ജീവോല്‍പ്പത്തിക്കെതിരെ!!

.
ജീവോല്‍പ്പത്തി:

ജീവോല്പത്തി സിദ്ധാന്ത പ്രകാരം അനുകൂല  സാഹചര്യങ്ങളില്‍  അജൈവ വസ്തുക്കളില്‍ നിന്ന് ആകസ്മികമായി ജീവന്‍  ഉരുത്തിരിഞ്ഞുണ്ടാകുന്നു എന്നാണ് ശാസ്ത്ര നിഗമനം. ഈ  നിഗമനത്തെ ബലപ്പെടുത്തുന്ന പരീക്ഷണമാണ് വിഖ്യാതമായ മില്ലെര്‍ -യുറേ പരീക്ഷണം എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത് .ഭൂമിയില്‍  ജീവന്‍  കുരുത്തതെങ്ങനെ  എന്ന  പതിറ്റാണ്ടുകളുടെ  ശാസ്ത്ര അന്വേഷണങ്ങളുടെ ഉത്തരമാണ് മില്ലെര്‍ -യുറേ പരീക്ഷണം എന്ന് ശാസ്ത്രം അവകാശപ്പെടുന്നു. ജീവന്‍റെ ആദ്യ കണിക അജൈവ വസ്തുക്കളില്‍ നിന്ന് ഒരു പ്രത്യേക അനുകൂല  സാഹചര്യത്തില്‍ ആകസ്മികമായി ഉരുത്തിരിഞ്ഞതെങ്ങനെ എന്ന് ലാബില്‍ സമാന സാഹചര്യങ്ങള്‍ പുന: സൃഷ്ടിച്ചു തെളിയിച്ചു എന്നാണ് ഈ അടുത്ത   കാലം  വരെ  പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ ഈ അവകാശ വാദത്തിനു കോട്ടം തട്ടുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്.സൂക്ഷമമായി    വിലയിരുത്തിയാല്‍ ഈ ജീവോല്‍പത്തി   വാദത്തിന്‍റെ പരിമിതികള്‍ക്ക്‌  അടിവരയിടുകയാണ്  ഈ പരീക്ഷണം എന്ന് കാണാം.

ഒരു കാലത്ത് ജീവോല്‍പത്തി  സിദ്ധാന്തം (Abiogenesis ) പൊതുവായി അറിയപെട്ടിരുന്നത് കെമിക്കല്‍ എവലൂഷന്‍ (chemical evolution ) എന്നായിരുന്നു. എന്നാല്‍ ഇക്കാലത്ത് ജീവോല്പത്തിയും പരിണാമ വാദവും വേര്‍തിരിച്ചാണ് പരിണാമ വാദികള്‍ കൈകാര്യം ചെയ്യുന്നത്.

ജീവോല്‍പ്പത്തി തെളിയിക്കാന്‍ ഒട്ടനവധി തിയറികള്‍ പല കാലങ്ങളിലായി ഉണ്ടായിട്ടുണ്ട്.അവയില്‍  warm soup തിയറി പോലുള്ള തിയറികള്‍ ഒരുകാലത്ത്  പ്രചുര പ്രചാരം നേടുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. റഷ്യന്‍ നാസ്തികനായിരുന്ന അലെക്സാണ്ടെര്‍ ഇവാനോവിച് ഒപാരിന്‍ (Alexandr Ivanovich Oparin ,1894–1980) 1924 ല്‍ പ്രസിദ്ധീകരിച്ച ' ദി ഒറിജിന്‍ ഓഫ് ലൈഫ് ' എന്ന തന്‍റെ പുസ്തകതിലൂടെയാണ് ഈ തിയറി ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചത്.ഈ തിയറി പ്രകാരം സമുദ്രത്തില്‍ അടിഞ്ഞു കൂടിയ ബയോ കെമിക്കല്‍ സൂപ്പില്‍ നിന്നാവാം ജീവന്‍ ഉരുത്തിരിഞ്ഞതെന്നു അവകാശപ്പെട്ടു.അന്തരീക്ഷത്തില്‍  നിന്ന് സമുദ്രത്തിലേക്ക് വന്നു പതിച്ച ഓര്‍ഗാനിക് മോളിക്യൂളുകള്‍ ഇടിമിന്നല്‍, അള്‍ട്ര വയലറ്റ് രശ്മികള്‍, ഭൂകമ്പം, സമുദ്രാന്തര്‍ താപം,സൂര്യനില്‍ നിന്നുള്ള വൈദ്യുത വികിരണങ്ങള്‍ എന്നിവയില്‍ നിന്നും ഊര്‍ജ്ജം സംഭരിക്കുകയും അതില്‍ നിന്ന് ജീവന്‍  ഉരുത്തിരിയുകയും ചെയ്തു എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസം. ഇന്നും ജീവോല്പ്പതി ചര്‍ച്ചകളില്‍ ഈ തിയറി പരാമര്‍ശ വിധേയമാകുന്നത് ഈ തിയറിക്ക് അക്കാലത്ത് കിട്ടിയ പ്രചാരത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നു.

ഒപാരിന്‍ ആവിഷ്കരിച്ച ക്രമപ്രകാരം  ആദ്യം ജീവ കോശവും പിന്നീട് എന്‍സൈമുകളും അവസാനമായി ജീനുകളും പരിണമിച്ചുണ്ടായി. എന്നാല്‍ ജീനുകളുടെ പ്രവര്‍ത്തനത്തിന് എന്‍സൈം വേണമെന്നും എന്നാല്‍ എന്‍സൈം രൂപപ്പെടാന്‍ ജീനുകള്‍ വേണമെന്നും ഇന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. വേണ്ടത്ര തെളിവുകള്‍ ഒന്നുമില്ലാതിരുന്നിട്ടും സ്രിഷ്ടിവാദത്തിനു ബദല്‍ എന്നാ നിലയ്ക്ക് അര നൂറ്റാണ്ടില്‍ അധികം കാലം  നാസ്തികര്‍ ഈ വാദം കൊണ്ട് നടന്നിരുന്നു. ഒപാരിന്‍റെ തിയറി  ശാസ്ത്രീയ പൊട്ടത്തരം ആയിരുന്നു എന്ന്  ഇന്ന് ഏവര്‍ക്കും അറിയാം. 

മില്ലെര്‍ -യുറേ പരീക്ഷണം
 
1953  ല്‍ ചിക്കാഗോ സര്‍വ്വകലാ ശാലയിലെ ഹരോള്‍ഡ് യൂറേയും (Harold Urey )  അദ്ദേഹത്തിന്‍റെ വിദ്യാര്‍ഥിയായ സ്ടാന്‍ലി മില്ലെരും (Stanley മില്ലെര്‍) ചേര്‍ന്നാണ് വിഖ്യാതമായ മില്ലെര്‍ -യുറേ പരീക്ഷണം നടത്തിയത്. മറ്റു ജീവോല്പ്പതി ശാസ്ത്രഞ്ഞന്മാരുടെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി മീഥേന്‍ സമ്പുഷ്ടമായിരുന്നു ഭൂമിയുടെ അന്തരീക്ഷം എന്ന് യൂറേ അവകാശപെട്ടു.ഒക്സിടൈസിംഗ് അന്തരീക്ഷം എന്ന സങ്കല്‍പ്പത്തിന് വിരുദ്ധമായ ഒരു ചിന്താ ഗതിയാണ്  അദ്ദേഹം മുന്നോട്ടു വെച്ചത്.ഏറെ കോളിളക്കം സൃഷ്‌ടിച്ച പരീക്ഷണം കൃത്രിമമായി ജീവന്‍ സ്രിഷ്ടിക്കുന്നതിലെക്കുള്ള പുതു കാല്‍വെയ്പ്പാനെന്നു വരെ വ്യാഖ്യാനിക്കപ്പെട്ടു.

മൂടിയ ഒരു ഗ്ലാസ് ചേംബറില്‍ മീഥേന്‍, അമോണിയ, ഹൈഡ്രജന്‍ എന്നീ വാതകങ്ങള്‍ നിറച്ചു വെച്ചു.(ഒപാരിന്‍ അഭിപ്രായപ്പെട്ട പോലെ ജീവോല്‍പതി നടന്ന അന്തരീക്ഷത്തെ പുന: സൃഷ്ടിക്കുകയായിരുന്നു ഉദ്ദേശം). സമുദ്രത്തില്‍ നിന്നുള്ള നീരാവി പോലെ വെള്ളം തിളപ്പിക്കപ്പെട്ടു. ഈ നീരാവി ഉയര്‍ന്ന ചൂടില്‍ വാതകങ്ങളില്‍ ചെന്നിടിക്കുകയും അതേ സമയം കൃത്രിമ ഇടി മിന്നല്‍ ഉണ്ടാക്കുകയും (tungsten spark-discharge ) ചെയ്തു. ഈ സജ്ജീകരണത്തിന് താഴെ ഒരു വാട്ടര്‍ കണ്ടെന്സര്‍ സ്ഥാപിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കകം ഫ്ലാസ്ക് ട്രാപ്പിന്‍റെ പ്രതലങ്ങളില്‍ പിങ്ക് നിറത്തിലുള്ള അവശിഷ്ടം കാണപ്പെടുകയും പരീക്ഷണം മുന്നോട്ടു പോയപ്പോള്‍ അവയുടെ അളവ് ക്രമേണ വര്‍ദ്ധിക്കുകയും നിറം കടുക്കുകയും ചെയ്തു. 

ഒരാഴ്ചക്ക് ശേഷം  ഇവ പരിശോധിച്ചപ്പോള്‍ വാതക രൂപത്തില്‍ കാര്‍ബണ്‍ മോണോക്സൈഡ് (CO), നൈട്രജന്‍ (N2), ഖര രൂപത്തില്‍ ടാര്‍ പോലുള്ള ഒരു പതാര്‍ത്ഥം എന്നിവയാണ് കാണപ്പെട്ടത്. തുടര്‍ പരിശോധനകളില്‍  അമിനോ ആസിഡുകള്‍ ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ചെറിയ മാറ്റങ്ങള്‍ വരുത്തിയ ശേഷം പരീക്ഷണം തുടര്‍ന്നു.അതേ തുടര്‍ന്ന് വളരെ കുറഞ്ഞ അളവില്‍ ഏതാനും അമിനോ ആസിഡുകള്‍ വളരെ കുറഞ്ഞ അളവില്‍ രൂപപ്പെടുകയുണ്ടായി. ( Mainly Glycine ( and Alanine).മില്ലെരുടെ തന്നെ അഭിപ്രായത്തില്‍ വിനിയോഗിക്കപ്പെട്ട വലിയ അളവ്  ഊര്‍ജ്ജത്തിന് തല്‍ഫലമായി വളരെ കുറച്ച്‌ മാത്രം ഉത്പാദനമാണ് ഉണ്ടായത്. യുറേ -മില്ലെര്‍  മാതൃകയില്‍ പിന്നീട് തുടര്‍ന്ന നിരന്തര പരീക്ഷണങ്ങളിലും ജീവന്‍ ഉരുത്തിരിയാന്‍  അടിസ്ഥാന പരമായി ആവശ്യമുള്ള 20  ഇനം  അമിനോ അസിടുകളില്‍ പകുതിയില്‍ താഴെ മാത്രം അമിനോ ആസിഡുകള്‍ ആണ് കുറഞ്ഞ അളവില്‍ ഉണ്ടാക്കാന്‍ സാധിച്ചത്.

ഓക്സിജന്‍ ഇല്ലാത്ത അന്തരീക്ഷമോ?

 
ജീവോല്‍പ്പത്തി നടന്നത് ഓക്സിജന്‍ ഇല്ലാത്ത   അന്തരീക്ഷത്തില്‍ ആയിരുന്നു എന്ന സങ്കല്‍പ്പത്തിലാണ് ഈ പരീക്ഷണങ്ങള്‍ നടന്നത്. ഓക്സിജന്‍റെ അസാനിധ്യത്തില്‍ മാത്രമേ അബിയോജനിസിസ് നടക്കൂ എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഈ  പരീക്ഷണത്തിന്‍റെ   പരമ പ്രധാനമായ ഈ സങ്കല്പം ഇക്കാലത്ത് ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. മില്ലെരുടെ  സങ്കല്‍പ്പത്തിന് വിരുദ്ധമായി അന്തരീക്ഷം ഓക്സിജന്‍ സമ്പുഷ്ടമായിരുന്നു എന്ന്  വിശ്വസിക്കുന്ന ഗവേഷകരാണ് അധികവും.   അതിനാല്‍   മില്ലെരുടെ പരീക്ഷണങ്ങളുടെ ആധികാരികത നഷ്ടപ്പെട്ടിരിക്കുന്നു.

"‘. . . the accepted picture of the earth’s early atmosphere has changed: It was probably O2-rich with some nitrogen, a less reactive mixture than Miller’s, or it might have been composed largely of carbon dioxide, which would greatly deter the development of organic compounds." (Flowers, C., A Science Odyssey: 100 Years of Discovery, William Morrow and Company, New York, p. 173, 1998)

ഒരു പരീക്ഷണത്തിന്‍റെ  അടിസ്ഥാന സങ്കല്‍പ്പം തന്നെ ഇല്ലാതെയാവുന്നത് ആ പരീക്ഷണത്തെ തന്നെ  ഇല്ലാതെയാക്കും . ഓക്സിജന്‍റെ  സാനിധ്യത്തില്‍ ഈ പരീക്ഷണം നടക്കില്ല തന്നെ. ഒക്സൈടുകളുടെ സാന്നിധ്യം  ആദിമ കോശങ്ങളെക്കാള്‍ 300 മില്ല്യന്‍ വര്ഷം പഴക്കമുള്ള പാറകളില്‍ വരെ കണ്ടെത്തിയത് ഓക്സിജന്‍റെ  സജീവ സാനിധ്യതിലെക്കാണ് വിരല്‍ ചൂണ്ടുന്നത്. 


ഓക്സിജന്‍ സമ്പുഷ്ടമായ അന്തരീക്ഷം ആകസ്മികമായ അമിനോ ആസിഡുകളുടെ നിര്‍മ്മാണത്തെ സഹായിക്കില്ലെന്ന് മാത്രമല്ല തടയുകയും ചെയ്യുന്നു. അതിനാല്‍ മില്ലെരുടെ ലാബിലെ പരീക്ഷണം പ്രകൃതിയില്‍ ആകസ്മികമായി ജീവന്‍ ഉരുത്തിരിയാന്‍ ഉള്ള സാധ്യതയെയാണ് സത്യത്തില്‍ നിരാകരിക്കുന്നത്. 

ദൌര്‍ഭാഗ്യകരമെന്ന്  പറയട്ടെ ഇന്നും നമ്മുടെ സിലബസ്സുകള്‍, ഓണ്‍ലൈന്‍ ലേഖനങ്ങള്‍ എല്ലാം അന്തരീക്ഷത്തെ കുറിച്ചുള്ള പഴയ ധാരണകള്‍ തന്നെയാണ് പ്രചരിപ്പിക്കുന്നത്. ഈയിടെ നടന്ന പുതിയ ഗവേഷണങ്ങള്‍ ഈ തെറ്റായ ധാരണകളെ പൊളിച്ചെഴുതുകയാണ്. New York Center for Astrobiology at Rensselaer Polytechnic Institute ലെ ശാസ്ത്രഞ്ജര്‍ ഭൂമിയുടെ ആദിമ അന്തരീക്ഷം പുന:സൃഷ്ടിക്കാനായി നടത്തിയ ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ പതിറ്റാണ്ടുകളായി  ശാസ്ത്ര  ലോകം വെച്ച് പുലര്‍ത്തുന്ന ധാരണകള്‍ക്ക് വിരുദ്ധമായ നിഗമനങ്ങളാണ് മുന്നോട്ടു വെക്കുന്നത്.
 

മുന്‍പ് ധരിച്ചിരുന്നത് പോലെ മീഥേന്‍ സമ്പുഷ്ട അന്തരീക്ഷം ആയിരുന്നില്ല ഭൂമിക്ക് ഉണ്ടായിരുന്നത് എന്ന് പുതിയ  പഠനങ്ങള്‍ കാണിക്കുന്നു. ഈ ലേഖന പ്രകാരം ഇന്ന് കാണുന്ന അന്തരീക്ഷത്തിനു സമാനമായ അന്തരീക്ഷം  തന്നെയായിരുന്നു ഭൂമി ഉണ്ടായതിനു 500 മില്യണ്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടായിരുന്നത്. ജീവോല്‍പ്പത്തിയെ കുറിച്ച് നിലവിലുള്ള മുഴുവന്‍ നിഗമനങ്ങളെയും നിരാകരിക്കേണ്ടി വരുന്ന സാഹചര്യമാണ് വന്നു ചേര്‍ന്നിരിക്കുന്നത്.

ബ്രൂസ് വാട്സണ്‍ന്‍റെ  (E. Bruce Watson- Institute Professor of Science at Rensselaer ,Newyork ) വാക്കുകളിലേക്ക്‌:


“We can now say with some certainty that many scientists studying the origins of life on Earth simply picked the wrong atmosphere,”

ജീവോല്‍പ്പത്തി പഠനങ്ങളില്‍    മുഴുകിയിരിക്കുന്ന  ശാസ്ത്രഞ്ഞരിലധികവും തെറ്റായ അന്തരീക്ഷത്തിലാണ് തങ്ങളുടെ പഠനങ്ങള്‍ മുന്നോട്ടു   കൊണ്ടു പോകുന്നതെന്ന്  അദ്ദേഹത്തിന്‍റെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം തെറ്റായ പരീക്ഷണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ജീവന്‍ ആകസ്മികമായി ഉരുതിരിഞ്ഞതെന്നു അവകാശപ്പെടുന്നത്. ഒരു പടി കൂടി കടന്ന് അദ്ദേഹം പറയുന്നത് കാണുക:

“We can’t even begin to talk about life on Earth until we know what that stage is. And oxygen conditions were vitally important because of how they affect the types of organic molecules that can be formed.”

ലേഖനത്തിന്‍റെ അവസാന ഭാഗത്ത്‌ വാട്സണ്‍ തങ്ങളുടെ പഠനം ജീവന്‍ ഭൂമിക്ക് പുറത്തെവിടെ നിന്നെങ്കിലും ഉരുത്തിരിഞ്ഞതാവാം എന്ന് അനുമാനിക്കുന്ന ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്ക്  ബലം പകരുന്നവയാണെന്ന് പ്രത്യാശിക്കുകയുംചെയ്യുന്നു.  നിലവിലെ അന്തരീക്ഷത്തില്‍; ഓക്സിജന്‍റെ സാനിധ്യത്തില്‍ ഭൂമിയില്‍  ജൈവ കണിക രൂപപ്പെടാനുള്ള സാധ്യതയില്ലായ്മയെ അടിവരയിടുകയാണ് പുതിയ കണ്ടെത്തലുകള്‍.

മുന്‍പ്  ഒരു പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ച പോലെ ഒരടി മുന്നോട്ടു നടക്കുകയും അതേ സമയം രണ്ടടി പുറകോട്ടു നടക്കുകയും ഫലത്തില്‍ ഒരടി പുറകോട്ടു പോകുകയും ചെയ്യുന്ന പഠന മേഖലയാണ്  ജീവോല്‍പ്പതിയും ജീവ പരിണാമവും. പതിറ്റാണ്ടുകള്‍ വെറും ഒരു ഊഹത്തിന്‍റെ പേരില്‍ തെറ്റായ ശാസ്ത്ര നിഗമനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു നടന്ന് അതിന്‍റെ ബലത്തില്‍ ദൈവത്തെയും വിശ്വാസികളെയും പരിഹസിക്കുന്ന വെറും പരിഹാസ വാദികളായി കേരളത്തിലെ യുക്തിവാദികള്‍ തരം താഴ്ന്നിരിക്കുന്നു.ഒരു പുരുഷായുസ്സ് മുഴുവന്‍ ഈ മേഖലയില്‍ ഗവേഷണം നടത്തി ശാസ്ത്ര വിവരങ്ങളുടെ എത്താവുന്ന നെറുകയില്‍ എത്തിച്ചേര്‍ന്ന തല മൂത്ത ശാസ്ത്ര ഗവേഷകര്‍ കാണിക്കാത്ത ഗര്വ്വാണ് ഇവര്‍ കാണിക്കുന്നത്. ദൈവം ഉണ്ടാവാനുള്ള സാധ്യതയെ ബാക്കി വെച്ചാണ് ഈ ശാസ്ത്രഞ്ഞരില്‍ പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാരുള്ളത്. അത് തങ്ങളുടെ നിലപാടുകളുടെ  ശക്തി ദൌര്‍ബല്യങ്ങളെ  കുറിച്ചുള്ള ശരിയായ ബോധം  ഉള്ളതുകൊണ്ടുള്ള പക്വമായ അഭിപ്രായ പ്രകടനങ്ങളാണ്. ആറ്റന്‍ ബരോയെ പോലെ ഉള്ളവര്‍ ദൈവം ഉണ്ടാവാനുള്ള സാധ്യതയെ ഞാന്‍ നിരാകരിക്കുന്നില്ലെന്നു പറയുമ്പോള്‍ ന്യൂട്ടന്‍റെ മൂന്ന്  നിയമങ്ങള്‍ പോലും ക്രമപ്രകാരം അറിയാത്ത കേരളത്തിലെ യുക്തിവാദികള്‍ ദൈവം ഇല്ലെന്നു തറപ്പിച്ചു പറയുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്? 

പോസ്റ്റിലെ വിഷയത്തിലേക്ക് തിരികെ വരാം. ഒന്നാമതായി ഈ പരീക്ഷണം തെറ്റായ അന്തരീക്ഷ മാതൃകയിലാണ് മുന്നോട്ട് പോയത്. അത് തന്നെ ഈ പരീക്ഷണത്തിന്‍റെ ആധികാരികതയെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്തിരിക്കുന്നു. ഓക്സിജന്‍ ഇല്ലാത്ത  അന്തരീക്ഷത്തില്‍ നടന്ന ഒരു പരീക്ഷണം ഓക്സിജന്‍ സമ്പുഷ്ടമായ അന്തരീക്ഷത്തില്‍ അതേ ഫലം നല്‍കില്ല തന്നെ. ഓക്സിജന്‍ വില്ലന്‍ വേഷമണിയുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അത് കൊണ്ടു തന്നെ ഓക്സിജന്‍ സമ്പുഷ്ടമായ ഭൂമിയുടെ അന്തരീക്ഷത്തില്‍ നടക്കാന്‍ സാധ്യതയില്ലാത്ത ഒന്നിന്‍റെ മറ്റു പോരായ്മകളിലെക്കാന് ഇനി നാം കടക്കുന്നത്‌. (സംഭവിച്ചു എന്ന് വെറുതെ സങ്കല്‍പ്പിച്ചാല്‍...)

 അമിനോ അസിടുകളുടെ എണ്ണം:

കൃത്രിമവും സന്തുലിതവുമായ പരീക്ഷണ ശാലയിലെ തെറ്റായ അന്തരീക്ഷത്തില്‍ ആണെങ്കിലും ഇത് വരെയുള്ള പരീക്ഷണങ്ങള്‍ ആകെ ഉണ്ടാക്കിയത് ജീവന് ആവശ്യമായ അമിനോ അസിടുകളില്‍ പകുതിയില്‍ താഴെ എണ്ണം മാത്രമാണ്. സന്തുലിതമായ അന്തരീക്ഷത്തില്‍ ഇത്ര സാധ്യതയാണെങ്കില്‍  പരീക്ഷണ ശാലയ്ക്ക് പുറത്ത് ഭൂമിയുടെ ബാഹ്യ അന്തരീക്ഷത്തിലെ കാര്യം പറയണോ?

Right- and Left-handed organic molecules:

ഈ പരീക്ഷണങ്ങളില്‍ രൂപം കൊണ്ട മോളിക്യൂളുകള്‍ തുല്യ അളവില്‍ Left Handed - Right Handed ഓര്‍ഗാനിക് മോളിക്യൂളുകള്‍ ആയിരുന്നു എല്ലായ്പ്പോഴും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രോടീന്‍ രൂപം കൊള്ളാന്‍ ആവശ്യമായ അമിനോ ആസിടുകളില്‍ ഏതാണ്ട് മുഴുവനും Left  Handed  ആയിരിക്കണമെന്ന  സവിശേഷകരമായ ഒരു നിബന്ധനയുണ്ട്. ഒട്ടു മിക്ക കാര്‍ബോ ഹൈട്രെറ്റുകളും പോളിമരുകളും  Right Handed ആയിരിക്കുകയും വേണം മറിച്ചുള്ള ക്രമീകരണം ഉപയോഗ ശൂന്യം എന്ന് മാത്രമല്ല അപകടകരം കൂടിയാണ്.‍.

സമുദ്രങ്ങളിലെ ഓര്‍ഗാനിക് കൊമ്പൌണ്ടുകളുടെ സാന്നിധ്യം:

ജീവോല്‍പ്പതിക്ക് സഹായകരമായ തരത്തില്‍ സമുദ്ര ജലത്തില്‍ 10 % ഓര്‍ഗാനിക് സംയുക്തങ്ങളുടെ സൊലൂഷന്‍ രൂപപ്പെട്ടിരുന്നു എന്നായിരുന്നു യുറേയുടെ മറ്റൊരു ഊഹം.സമുദ്ര ജലത്തില്‍ ഇത്ര സാന്ദ്രത ഓര്‍ഗാനിക് സംയുക്തങ്ങള്‍ കൈവരിക്കണമെങ്കില്‍ ഇന്ന് ഭൂമിയിലുള്ള മുഴുവന്‍ ഓര്‍ഗാനിക് സംയുക്തങ്ങളും വിനിയോഗിചാലും യുറേ ഊഹിച്ചത് പോലെ സമുദ്ര ജലത്തിന്റെ 10 % പോയിട്ട് ഒരംശം പോലും കൈവരിക്കാന്‍ തികയില്ല. തങ്ങളുടെ പരീക്ഷണത്തിന്‌ യോജിച്ച ഒരു സാഹചര്യം കൃത്യമായ ശാസ്ത്രീയ അടിത്തറയില്ലാതെ വെറുതെ ഊഹം വെച്ച് പടച്ചു വിടുകയായിരുന്നു എന്ന് വേണം കരുതാന്‍. അതാണിപ്പോള്‍ നിരാകരിക്കപ്പെടുന്നതും.

നാശമടയുന്ന പ്രോടീനുകള്‍:


സന്തുലിതമായ  കൃത്രിമ അന്തരീക്ഷത്തില്‍ പോലും പ്രോടീനുകള്‍ നില നില്‍ക്കാന്‍ സാധ്യത വളരെ കുറവാണ്. വളരെ കുറച്ചു പ്രോടീനുകള്‍ക്ക് മാത്രമേ 50ºC, നു മേലെയും 30ºC നു താഴെയുമുള്ള താപ വ്യതിയാനങ്ങളെ അതി ജീവിക്കാന്‍ കഴിയൂ. (ചില ആഹാര പദാര്‍ഥങ്ങള്‍ കൂടുതല്‍ ചൂടാക്കരുത് എന്ന് പറയുന്നതിന്‍റെ ഗുട്ടന്‍സ് ഇതിനോട് ചേര്‍ത്ത് ചിന്തിക്കുക ).മാത്രമല്ല, pH ഉം വളരെ കൃത്യമായി നിയന്ത്രിക്കപ്പെടെണ്ടതാണ്.ആസിഡ് - ലവണങ്ങളുടെ ആധിക്യവും ഹൈഡ്രജന്‍ ബോണ്ടിങ്ങുകളെ ഇല്ലാതാക്കും. ഒരു കൃത്രിമ അന്തരീക്ഷത്തില്‍ പോലും നില നില്‍ക്കാന്‍ വളരെ ശുഷ്കമായ സാധ്യത മാത്രമാണ് പ്രോടീനുകള്‍ക്കുള്ളത്.

പ്രതി പ്രവര്‍ത്തനവും ക്രോസ് റിയാക്ഷനും വില്ലന്മാര്‍ !

ഈ പരീക്ഷണവുമായി മുന്നോട്ട് പോയപ്പോള്‍ പ്രൊടേനുകലുമായി ബോണ്ടിംഗ് നടത്താന്‍ സാധ്യതയുള്ള മറ്റു സംയുക്തങ്ങളില്‍ നിന്ന് അവയെ സംരക്ഷിക്കേണ്ടി വന്നിരുന്നു. ethanol ,isopropyl alcohol   തുടങ്ങിയ ഒട്ടനവധി ഓര്‍ഗാനിക് സംയുക്തങ്ങള്‍ പ്രോടീനുകളുമായി സ്വന്തമായി ബോണ്ടിംഗ് ഉണ്ടാക്കുന്നവയാണ്. മാത്രമല്ല,  Ag+, Pb2+ , Hg2+ തുടങ്ങിയ ഹെവി മേറ്റലുകള്‍ പ്രോടീനുകളുടെ ബോണ്ടിംഗ് നശിപ്പിക്കുന്നവയാണ്. ഇവയെല്ലാം പ്രോടീനുകളുമായി ഇട കലരുന്നതില്‍ നിന്ന് വേര്‍തിരിച്ചു നിറുത്തല്‍ ആവശ്യമാണ്‌. ലാബില്‍ ഗവേഷക സംഘം അഭിമുഖീകരിച്ച മറ്റൊരു പ്രധാന വെല്ലുവിളിയും ഇതായിരുന്നു. ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്തേണ്ടി വന്നു. പ്രകൃതിയില്‍ ഇങ്ങനെ വേര്‍തിരിച്ചു നിറുത്തുക എന്നത് അചിന്തനീയവുമാണ്.

ഊര്‍ജ്ജം എന്നാ പ്രതിസന്ധി !
 
ജീവോല്പ്പതിയെ സഹായിച്ച ഊര്‍ജ്ജ സ്രോതസ്സ്  എന്തായിരുന്നു? അള്‍ട്ര വയലറ്റ് രശ്മികള്‍ ആയിരുന്നു എന്ന അഭിപ്രായതിനായിരുന്നു ശാസ്ത്ര ലോകത്ത് മുന്‍ തൂക്കം ലഭിച്ചിരുന്നത്. അള്‍ട്ര വയലറ്റ് രശ്മികള്‍ വിനാശകാരികളും ജീവന്‍റെ നില നില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തുന്നവയുമാണ്. ജീവോല്പ്പതി പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ച രശ്മികള്‍ പ്രത്യേക തരംഗ ദൈര്‍ഘ്യത്തില്‍ ഉള്ളവയായിരുന്നു.പ്രകൃതിയിലെ സൂര്യ പ്രകാശത്തില്‍ തന്നെ പെട്ടന്ന് ബ്രേക്ക്‌ ഡൌണ്‍ ആകുന്ന അമിനോ ആസിഡുകള്‍ നശിക്കാതിരിക്കാന്‍ സന്തുലിതമായ ഈ wave length കൃത്യമായി നിലനിരുത്തല്‍ ഏറെ അത്യാവശ്യവുമായിരുന്നു. മാത്രമല്ല, ലാബില്‍ നടന്ന പരീക്ഷണങ്ങളില്‍ രൂപം കൊള്ളുന്ന അമിനോ ആസിഡുകള്‍ സംഭരിക്കാനും സംരക്ഷിക്കാനും പ്രത്യേകം ട്രാപ്പുകള്‍ സജ്ജമാക്കിയിരുന്നു. സൂര്യ രശ്മികള്‍ ഏറ്റാല്‍ എളുപ്പം നശിക്കുന്ന ഇവയെ സംരക്ഷിക്കാന്‍ പ്രകൃതിയില്‍ എന്ത് ട്രാപ്പ് ആണ് ഒരുക്കി സൂക്ഷിച്ചിട്ടുള്ളത്? അള്‍ട്ര വയലറ്റ് രശ്മികള്‍ക്ക് തുളച്ചു കയറാന്‍ കഴിയുന്ന സമുദ്രങ്ങള്‍ പോലും ഇവയെ സംരക്ഷിക്കാന്‍ പര്യാപ്തമല്ല.

DNA  വിപ്ലവത്തിന് മുന്‍പ് നടന്ന പരീക്ഷണങ്ങള്‍ ജീവന്‍റെ അതി സങ്കീര്‍ണ്ണത മനസ്സിലാക്കിയിരുന്നില്ല. അതിനാല്‍ തന്നെ കേവലം കെമിക്കല്‍ എവലൂഷനിലൂടെ ജീവന്‍ രൂപപ്പെടുമെന്നു അന്ന് ധരിച്ചുവെച്ചിരുന്നു. 
 
സാധ്യതയുടെ സാധ്യതകള്‍ !

അനുകൂല സാഹചര്യത്തില്‍ ആകസ്മികമായി ഒരു പ്രോടീന്‍  തന്മാത്ര രൂപപ്പെടാന്‍ ഉള്ള സാധ്യത 10113 ല്‍ ഒന്ന്  മാത്രമാണ്. അത്തരം ആയിരക്കണക്കിന് വ്യത്യസ്ത  പ്രോടീനുകള്‍ വേണം ഒരു ജീവന് . ഒരു തരം പ്രോടീനുകള്‍ അല്ല, വിവിധ  തരം പ്രോടീനുകള്‍ ഈ സാധ്യതകളെ ഉപയോഗപ്പെടുത്തി പരസ്പരം കൂടി ചേര്‍ന്നത്‌ എങ്ങനെയെന്നു എന്ന് വിഷധീകരിക്കാന്‍ ഏറെ പാട് പെടേണ്ടി വരും. സാധ്യതയുടെ സാധ്യതയെ   കുറിച്ച് ചോദിച്ചാല്‍   'അതൊക്കെ ഉണ്ടായി..' എന്ന വിചിത്ര ഉത്തരം നല്‍കുകയാണ് കേരളത്തിലെ ചില യുക്തിവാദികള്!


പരീക്ഷണം നടന്നത് തന്നെ തെറ്റായ അന്തരീക്ഷത്തില്‍ ആണെന്ന് പറഞ്ഞു വരുമ്പോള്‍ ഒരു തരം 'ചത്ത കുട്ടിയുടെ ജാതകം' നോക്കുകയായിരുന്നു നാം ഇത് വരെ. തെറ്റായ അന്തരീക്ഷത്തില്‍ പോലും ആകസ്മികമായി ജീവലോല്‍പ്പതി നടക്കില്ലെന്ന വസ്തുതയ്ക്ക് അടിവരയിടാന്‍ വേണ്ടി മാത്രമാണ് ഇത്രയും കാര്യങ്ങള്‍ വിഷധീകരിച്ചത്. ജീവന്‍ എന്ന മഹാത്ഭുതത്തെ ലളിതവല്‍ക്കരിച്ച് കേവലം കെമിക്കലുകളുടെ 'വെറും' കൂടി  ചേരല്‍ മാത്രമാണെന്ന് പറഞ്ഞു തെറ്റായ ദിശയിലൂടെ മുന്നോട്ടു പോയ പരീക്ഷണത്തിന്‍റെ ആധികാരികത പോലും ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ശാസ്ത്രം നിരന്തരം തിരുത്തലുകള്‍ക്ക് വിധേയമാണ് എന്ന് പറഞ്ഞു ഇതിനെ ന്യായീകരിക്കുന്ന യുക്തിവാദികള്‍ ശാസ്ത്രത്തിന്‍റെ ഫ്രെയിം വെച്ച്  ദൈവത്തെ പരിഹസിക്കുമ്പോഴും അക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. ശാസ്ത്രത്തെ വിമര്‍ശിക്കുന്നവര്‍ പിന്തിരിപ്പന്മാര്‍ എന്ന് മുദ്ര കുത്തി അവരെ മൂലയ്ക്കിടാന്‍ കാണിക്കുന്ന സാമര്‍ത്ഥ്യം ഒന്ന് കൂടി വിശാലമായി ചിന്തിക്കാന്‍ ഉപയോഗിച്ചാല്‍ വളരെ നന്നായിരിക്കും. ശാസ്ത്രം നിരാകരിച്ച 'ലുപ്താവയവ ' തെളിവുകളുമായി ഇന്നും ബ്ലോഗ്ഗുകളെ സജീവമാക്കുന്ന യുക്തിവാദികള്‍ ആണ് പിന്തിരിപ്പന്മാര്‍ .


 
 (സമയത്തിന്‍റെ  പരിമിതി മൂലം തല്‍ക്കാലം ഈ പോസ്റ്റ്‌ പബ്ലിഷ് ചെയ്യുകയാണ്. ചില കൂട്ടി ചേര്‍ക്കലുകള്‍ സമയ ലഭ്യതക്കനുസരിച്ച്‌ പിന്നീട് നടത്താന്‍ ഉദ്ദേശിക്കുന്നു..)

Wednesday, June 6, 2012

കോശത്തിന്‍റെ അതി സങ്കീര്‍ണ്ണത: പരിണാമ വാദം അഴിയാക്കുരുക്കില്‍

ആധുനിക ജൈവ ശാസ്ത്ര സമസ്യകള്‍ക്കെല്ലാം പരിഹാരം എന്ന നിലയ്ക്കാണ് പരിണാമ വാദികള്‍ പരിണാമ  വാദത്തെ പരിചയ പ്പെടുത്തുന്നത്. പരിണാമത്തെ പരിചയപ്പെടുത്തുന്ന ബ്ലോഗ്ഗുകളും യുക്തിവാദി ബ്ലോഗ്ഗുകളും പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടാവുന്ന വസ്തുതയാണിത്. നവ നാസ്തികതയുടെ ഈ നൂറ്റാണ്ടിലെ പ്രചാരകനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്‍റെ രചനകളും ഇതിനപവാദമല്ല. തന്‍റെ പുസ്തകമായ 'The God Delusion 'ലൂടെ അദ്ദേഹം ആവര്‍ത്തിച്ചു  ആണയിടുന്നത് ഇത് തന്നെയാണ്. കോടാനു കോടി മില്യണ്‍  ഡോളര്‍ ചെലവിട്ട ഗവേഷണ പരീക്ഷണങ്ങള്‍ കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലധികം വര്‍ഷം ഒരു വശത്ത് തകൃതിയായി നടക്കുമ്പോഴും ഡാര്‍വിന്‍റെ പരിണാമ വാദം ഇന്നും ശൈശവ ദശയില്‍ തന്നെയാണ്. ഒരടി മുന്നോട്ടു നടക്കുകയും അതേ സമയം തന്നെ രണ്ടടി പുറകോട്ടു നടക്കുകയും ഫലത്തില്‍ ഒരടി പുറകോട്ടു പോവുകയും  ചെയ്യുന്ന ഒരു തിയറിയായി പരിണാമ വാദം മാറിയിരിക്കുന്നു.

മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവി വര്‍ഗ്ഗങ്ങളുടെ പരിണാമവും വര്‍ഗീഗരണവും വളര്‍ച്ചയും വികാസവും വിശദീകരിക്കാന്‍ പര്യപതമാണെന്ന് അവകാശപ്പെടുന്ന പരിണാമ വാദം ജന്തു ജാലങ്ങളുടെ അടിസ്ഥാന ഘടകമായ ഒരു കോശത്തിന്‍റെ ഘടനാ സങ്കീര്‍ണ്ണത പോലും വിശദീകരിക്കാന്‍ പര്യാപത്മല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് കൊണ്ട് തന്നെയാണ് ജീവോല്‍പത്തി ചര്‍ച്ചകള്‍ക്ക് മുതിരാതെ നേരെ പരിണാമ ചര്‍ച്ചകളിലേക്ക് പരിണാമ വാദികള്‍  കടക്കുന്നതും.

പരിണാമ ചര്‍ച്ചകള്‍  പലപ്പോഴും വൈകാരികമായാണ് പലരും ഏറ്റെടുക്കുന്നത്. നാസ്തികനായാലും ആസ്തികനായാലും കാര്യം തഥൈവ. കാര്യ ഗൌരവ ചര്‍ച്ചകള്‍ ഇത്തരം വൈകാരിക പ്രകടനങ്ങളില്‍ മുങ്ങി പോവുകയാണ്  പതിവ്. പരിണാമ വാദികള്‍ ശാസ്ത്ര വാദികളും പരിണാമ വാദത്തെ ചോദ്യം ചെയ്യുന്നവര്‍ പിന്തിരിപ്പന്‍ മൌലിക വാദികളും ആണെന്ന മുന്‍ ധാരണ വെച്ച് ഇത്തരം ഗൌരവ ചര്‍ച്ചകള്‍ക്ക് മുന്നോട്ടു പോവാന്‍ കഴിയില്ല എന്നെങ്കിലും ചുരുങ്ങിയ പക്ഷം നാം മനസ്സിലാക്കണം. ശാസ്ത്ര ലോകത്ത് നിന്ന് തന്നെ പരിണാമ വാദത്തെ ചോദ്യം ചെയ്യുന്ന എതിര്‍ ശബ്ദങ്ങള്‍ ഉയരുമ്പോള്‍ പ്രത്യേകിച്ചും ശാസ്ത്രത്തിന്‍റെ കുത്തക അവകാശപ്പെടാന്‍ പരിണാമ വാദികള്‍ക്ക് ആവില്ല തന്നെ. പരിണാമ വാദത്തിന്‍റെ ഈറ്റില്ലമായ യൂറോപ്പിലും പോറ്റില്ലമായ അമേരിക്കയിലും വരെ ആസൂത്രണ വാദം സിലബസ്സില്‍ ഉള്‍ക്കൊള്ളിക്കുന്ന വാര്‍ത്തകള്‍ വരുമ്പോള്‍ ശാസ്ത്രത്തിന്‍റെ പേര്  പറഞ്ഞു ഒരു വിഭാഗം മറ്റുള്ളവരെ പിന്തിരിപ്പന്മാരായി ചിത്രീകരിക്കുന്നത് ന്യായീകരിക്കാനാവില്ല.

ആമുഖമായി ഇത്രയും പറഞ്ഞു വെച്ചത് ഇനി പറയാന്‍ പോവുന്ന കാര്യങ്ങള്‍  കേവലം വൈകാരികമായി മാത്രം എടുക്കാതെ കാര്യ ഗൌരവത്തോടെ ഉള്‍കൊള്ളാന്‍ തയ്യാറാവണം എന്ന് ആവശ്യപ്പെടാന്‍ ആണ്. പ്രത്യേകിച്ചും പരിണാമ വാദത്തിന്‍റെ മൂലക്കല്ലില്‍ സ്പര്‍ശിക്കുന്ന വിഷയമായതിനാല്‍ ഇത്തരം ഒരാമുഖം നല്ലതാണെന്ന് തോന്നുന്നു.

കോശം (cell ) എന്ന മഹാത്ഭുതം!

ഒരു ജീവിയുടെ ഘടനാ പരവും ജൈവിക  ധര്‍മ്മപരവുമായ അതി സൂക്ഷമമായ കണികയാണ് കോശം. ജീവന്‍റെ അടിസ്ഥാന ഘടകമാണ് കോശം.റോബർട്ട് ഹുക്ക് ആണ്‌ കോശത്തിനെ കണ്ടെത്തിയത്. ബാക്റ്റീരിയ തുടങ്ങിയ ചില ജീവജാലങ്ങൾ ഏകകോശജീവികളാണ്. മനുഷ്യൻ തുടങ്ങിയ മറ്റു ചില ജീവജാലങ്ങളാകട്ടെ ബഹുകോശജീവികളാണ്. മനുഷ്യശരീരത്തിൽ 1014 കോശങ്ങൾ ഉള്ളതായി കരുതപ്പെടുന്നു. ഒരു കോശത്തിന്റെ വലിപ്പം ഏകദേശം 10 മൈക്രോമീറ്ററും, ഭാരം ഒരു നാനോഗ്രാമും ആണ്. ശരീരത്തിൽ ഒരേ ധർമ്മം നിർവഹിക്കുന്ന കോശങ്ങളുടെ സമൂഹം കലകൾ എന്നറിയപ്പെടുന്നു.രക്തം, അസ്ഥികല,പേശീകല, ആവരണകല, യോജകകല, നാഡീകല തുടങ്ങിയവ ഉദാഹരണങ്ങൾ.

കോശത്തിൽ വിവിധ ധർമ്മങ്ങൾ നിർവഹിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്.അവ പൊതുവെ കോശാംഗങ്ങൾ എന്നറിയപ്പെടുന്നു.കോശത്തെ പൊതി‍ഞ്ഞുകാണുന്ന കോശസ്തരം,കോശത്തിനുള്ളിലെ ദ്രാവകഭാഗമായ കോശദ്രവ്യം, കോശത്തിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന കോശകേന്ദ്രമായ മർമ്മം 'കോശാസ്ഥികൂടം' എന്ന് വിശേഷിക്കപ്പെടുന്ന അന്തർദ്രവ്യജാലിക‍ മാംസ്യനിർമ്മാണം നടത്തുന്ന റൈബോസോം രാസാഗ്നികൾ നിറഞ്ഞ ലൈസോസോം കോശവിഭജനത്തെ സഹായിക്കുന്ന സെൻട്രോസോം തുടങ്ങിയവയാണ് സസ്യകോശങ്ങളിലും ജന്തുകോശങ്ങളിലും പൊതുവായി കാണപ്പെടുന്ന ഘടകങ്ങൾ ആണ്.സസ്യകോശങ്ങളുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത് സെല്ലുലോസ് കൊണ്ടാണ്.ഇതുകൂടാതെ സസ്യകോശത്തിൽ പ്രകാശ സംശ്ളേഷണത്തിന് ആവശ്യമായ ഹരിതകണവും‍ഫേനരസം നിറഞ്ഞ ഫേനവുംകാണുന്നു. ജനിതകവിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത് മർമ്മത്തിനുള്ളിലുള്ള ഡി. എൻ. എ യിൽ ആണ്. (വിക്കിപീഡിയ)

കോശ ഘടന 


ചിത്രത്തില്‍ കാണുന്നത് പോലെ അതി സങ്കീര്‍ണ്ണമായ ഘടനയും അതിലേറെ സങ്കീര്‍ണ്ണമായ ധര്‍മ്മവുമാണ് കോശത്തിന്. കോശത്തിന്‍റെ കേന്ദ്രമാണ് നൂക്ലിയസ്. നമുക്ക് ഊഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ സങ്കീര്‍ണ്ണം ആണ്  ന്യൂക്ളിയസ്സിനുള്ളത്. റിച്ചാര്‍ഡ് ഡോക്കിന്‍സിന്‍റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ " ഒരു  കോശത്തിന്‍റെ ന്യൂക്ലിയസ്സില്‍ മാത്രം 30  വോള്യം  വരുന്ന  എന്‍സൈക്ലോപീടിയ   ബ്രിട്ടാനിക്കയില്‍ ഉള്‍കൊള്ളുന്ന  വിവരതെക്കാള്‍  വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു".


ഒന്നാലോചിച്ചു നോക്കൂ.നമ്മുടെ
ശരീരത്തിലെ കോടാനു കോടി  വരുന്ന കോശങ്ങളില്‍ സൂക്ഷിക്കപ്പെട്ട വിവരങ്ങളുടെ കണക്കല്ല ഇത്. കേവലം ഒരു കോശത്തിലെ ന്യൂക്ലിയസ്സില്‍ ഉള്‍കൊള്ളുന്ന വിവരമാണിത്. അപ്പോള്‍ കോടാനു കോടി വരുന്ന കോശങ്ങളില്‍  ഉള്‍കൊള്ളുന്ന വിവരങ്ങളുടെ കണക്ക് എത്ര വരും? അചിന്തനീയമായ കണക്കുകള്‍  മനസ്സില്‍ തെളിയുന്നുണ്ടോ? എന്നാല്‍  അതിലേറെ സങ്കീര്‍ണ്ണമായ ധര്‍മ്മവും ഘടനയും ആണ്  കൊശത്തിനുള്ളത്.അതി സൂക്ഷ്മമായ ഒരു മെഷിന്‍ പോലെ നിരന്തരം പ്രവര്‍ത്തിക്കുന്ന ഒട്ടനവധി ഘടകങ്ങള്‍   ആണ് കോശത്തില്‍  ഉള്ളത്.  

കോശം എന്ന മഹാ നഗരം

ഡാര്‍വിന്‍ വളരെ ലളിതം എന്ന് കരുതിയിരുന്ന കോശം ഒരു മഹാ നഗരത്തിന്‍റെ സങ്കീര്‍ണ്ണ ഡിസൈനിനെക്കാള്‍ വിസ്മയ ജനകമാണ്. സദാ     സജീവമായ ഒരു തിരക്കുള്ള നഗരത്തെക്കാള്‍ സങ്കീര്‍ണ്ണ ഘടനയാണ് കൊശതിനുള്ളത്. ഒരു ചിത്രം  കാണുക:




ഒരു മഹാ നഗരത്തില്‍ കാണുന്ന തരത്തില്‍ ഡിസൈനും , എനര്‍ജി ജെനരേറ്റരുകളും, മരാമത്ത്  സംവിധാനങ്ങളും , അകത്തേക്കും പുറത്തേക്കും     വാര്‍ത്താ വിനിമയ സംവിധാനങ്ങളും, സുരക്ഷാ ഭടന്മാരും, ചുറ്റുമതിലുകളും,മാലിന്യ നിക്ഷേപ സ്ഥലങ്ങളും എല്ലാം അടങ്ങിയ 'കോശ നഗരം ' കോശത്തിന്‍റെ സങ്കീര്‍ണ്ണതയുടെ വ്യാപ്തി  വ്യക്തമാക്കുന്നു.

കോശ നഗരത്തിലെ പ്രധാന വകുപ്പുകള്‍:
  1. മേയര്‍ (The NUCLEUS): ന്യൂക്ലിയസ് ആണ് ഒരു കോശത്തിന്‍റെ ബുദ്ധി കേന്ദ്രവും കോശത്തിന്‍റെ  നിയന്ത്രണ കേന്ദ്രവും. ഡി  എന്‍ എ ബ്ലൂ പ്രിന്‍റ് ഉപയോഗിച്ച് ന്യൂക്ലിയസ് അതിന്‍റെ ധര്‍മ്മം കൃത്യമായി നിര്‍വഹിക്കുന്നു.
  2. എനര്‍ജി ജനരേട്ടര്‍ (RIBOSOMES): ന്യൂക്ലിയസ്സിനു വേണ്ടി പ്രോടീന്‍ സിന്തസിസ് നടത്തുന്നത് റൈബോ സോംസ് ആണ്. പോഷകങ്ങളിലെ അസംസ്കൃത വസ്തുക്കളെയും അമിനോ അസിഡുകളെയും കൂട്ടി പ്രോടീന്‍ ഉണ്ടാക്കുന്ന ജോലി റൈബോസോമിന്‍റെതാണ് . ഒരു ഇഷ്ടിക ചൂളയുടെ ധര്‍മ്മമാണ് റൈബോസോം നിര്‍വ്വഹിക്കുന്നത്.
  3. റോഡ്‌- ഹൈ വേ (The ENDOPLASMIC RETICULUM ):  കോശത്തിലെ റോഡുകള്‍ ആണ് ER  സിസ്റ്റം. കൊശത്തിനകത്തു ചരക്കു നീക്കം സാധ്യമാക്കുന്നത് ഇവയാണ്.
  4. ചുറ്റു മതില്‍ (CELL MEMBRANE): കോശ സ്തരം കോശത്തിന് ചുറ്റും സുരക്ഷാ കവചം ഒരുക്കുകയും കോശത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ഗതാഗതത്തെ നിയന്ത്രിക്കുകയും  ചെയ്യുന്നു. കോശത്തിന് ആവശ്യമായ പോഷകങ്ങള്‍ വലിചെടുക്കുന്നതും കോശ സ്തരമാണ്.
  5. സ്റ്റീല്‍ ഫ്രെയിം (CYTOSKELETON ): കോശത്തിന് ആകൃതി നല്‍കുന്നത് സൈടോ  സ്കെല്ടന്‍റെ ധര്‍മ്മമാണ്.
  6. പാര്‍ക്ക് (CYTOPLASM):കൊശത്തിനകത്തെ പാര്‍ക്ക് എന്നറിയപ്പെടുന്ന സൈടോപ്ലാസം ഒരു സെമി  ഫ്ലൂയിഡ് ആണ്
  7. . പോസ്റ്റ്‌ ഓഫീസ് (GOLGI APPARATUS ):പോസ്റ്റ്‌ ഓഫീസ് പോലെ ഗുഡ്സ്  സെല്ലിന്‍റെ ഒരു ഭാഗത്ത്‌ നിന്ന് മറ്റു ഭാഗങ്ങളിലേക്ക് ലേക്ക് ഷിപ്പ് ചെയ്യുന്ന ജോലി ഇവ നിവ്വഹിക്കുന്നു. 
  8.  സോളാര്‍ പ്ലാന്‍റ്(CHLOROPLASTS ): സസ്യ കോശത്തിNTE ഭാഗമായ ക്ലോറോ പ്ലാസ്റ്റുകള്‍ സൌരോര്‍ജ്ജം ഉപയോഗിച്ച് കോശ നഗരത്തിനു വേണ്ട എനര്‍ജി നിര്‍മ്മിക്കുന്നു.
  9. എനര്‍ജി പ്ലാന്‍റ് (MITOCHONDRIA):സസ്യ- ജന്തു  കോശങ്ങളില്‍  ഒരു പോലെ  കാണപ്പെടുന്ന മൈടോ കൊണ്ട്രിയ സെല്ലുലാര്‍ റെസ്പിരേശന്‍ സാധ്യമാക്കുകയും ATP  ക്രിയേറ്റ് ചെയ്യപ്പെടുകയും അത്  കൊശത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.
  10. മാലിന്യ പ്ലാന്‍റ് (LYSOSOMES ):   മാലിന്യ പ്ലാന്‍റ് പോലെ കൊശത്തിനകത്തു കൂടുതല്‍ മാക്രോ മോളിക്യൂള്സ്  അടിഞ്ഞു കൂടാതെ സംരക്ഷിക്കുന്നു.
ഇവയെ കൂടാതെ കോശ സ്തരത്തിലെ കെമിക്കല്‍ എന്‍സൈമുകള്‍ മറ്റു കൊശങ്ങളുമായുള്ള ആശയ വിനിമയം സാധ്യമാക്കുന്നു. ഈ എന്‍സൈമുകള്‍ ഇല്ലെങ്കില്‍ ഒരു കോശത്തിന് നില നില്‍പ്പ് അസാധ്യമാണ്.ഈ ഘടകങ്ങള്‍ എല്ലാം കോശത്തിന്റെ നിലനില്‍പ്പിനു വളരെയധികം ആവശ്യമാണ്‌. ഒരു ഘടകം ഇല്ലെങ്കില്‍  മറ്റൊന്നിനു  നില  നില്‍പ്പില്ല. ഒരു നഗരത്തില്‍ ചിലപ്പോള്‍ അല്‍പ സമയം ട്രാഫിക്  ബ്ലോക്ക്‌ അനുഭവപ്പെടാം. എന്നാലും നഗരത്തിനു നില നില്‍പ്പ് ഇല്ലാതാവുന്നില്ല. വാര്‍ത്താ വിനിമയ സംവിധാനം തല്‍ക്കാലം തകരാറില്‍ ആയാലും കാര്യമായ പ്രശനം  ഇല്ല. ചുറ്റു മതില്‍ തകര്‍ന്നാലും നഗരത്തിന്‍റെ നില നില്പ്പിനെ അത് ബാധിക്കില്ല .എന്നാല്‍ ഒരു കോശത്തിലെ ഈ സംവിധാനങ്ങളില്‍ ഏതെങ്കിലും ഒന്ന് തകരാറിലായാല്‍ അത് ആ കോശത്തിന്‍റെ മൃതിയിലേക്കു നയിക്കുകയും കോശം  ഇല്ലാതാവുകയും ചെയ്യുന്നു. അത്ര മാത്രം സനകീര്‍ന്നമാണ് ഒരു കോശം

ഹാര്‍ഡ് വയറും സോഫ്റ്റ്‌  വയറും:

ഒരു മൌസും കീ ബോഡും മതര്‍ ബോഡും  മോണിട്ടറും മറ്റു കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങളും ചേര്‍ന്നാല്‍ ഒരു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുമോ? ഇല്ല. അതിലേക്കു ആവശ്യമായ ഒപെരേറ്റിംഗ്   സിസ്റ്റം അഥവാ സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്‌. ഒരു മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കാനും ഇത് പോലെ ഒപെരേറ്റിംഗ് സിസ്റ്റം ആവശ്യമുണ്ട്. എന്നാല്‍ ഒരു കംബ്യൂട്ടരോ അല്ലെങ്കില്‍ മൊബൈല്‍ ഫോണോ തുറന്നു നോക്കിയാല്‍ ഈ സോഫ്റ്റ്‌വെയര്‍ നമുക്ക് കണ്ടെത്താനാവില്ല. എന്നാല്‍ ആ   ഉപകരണങ്ങളില്‍ ഈ സോഫ്റ്റ്‌വെയര്‍ ഉണ്ട് താനും.

അത് പോലെ ഒരു കോശത്തില്‍ ഒരു
ഒപെരേറ്റിംഗ്  സിസ്റ്റം ഉണ്ട്.ഒട്ടനവധി വിവരങ്ങള്‍ ഈ കോശത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മൈക്രോ സ്ക്രോപ് ചിത്രങ്ങള്‍ക്ക് ഈ സോഫ്റ്റ്‌വെയര്‍ കണ്ടെത്താനാവില്ല. അതിനാല്‍ തന്നെ ഈ വിവരങ്ങള്‍ നമ്മുടെ ഇന്ദ്രീയങ്ങള്‍ക്ക് അതീതമാണ് എന്ന് പറയേണ്ടി വരും. അമിനോ ആസിടുകളുടെ കെമിക്കല്‍ കൂടിചേരലിലൂടെ ഈ വിവരങ്ങള്‍ ഉണ്ടാക്കപ്പെടുന്നില്ല. എങ്കില്‍  പിന്നെ എവിടെ നിന്നാണ് ഈ വിവരങ്ങള്‍?  ഒരു ലൈബ്രറിക്ക് ഉള്‍കൊള്ളാനാവാത്ത വിവരങ്ങള്‍ ഒരു കോശത്തില്‍ എങ്ങനെ വന്നു?
 

പരിണാമവും ജൈവ കോശത്തിന്‍റെ സങ്കീര്‍ണ്ണതയും:

ചാള്‍സ് ഡാര്‍വിന്‍ തന്‍റെ തിയറി അവതരിപ്പിക്കുമ്പോള്‍ കോശത്തി
ന്‍റെ സങ്കീര്ന്നതയെ കുറിച്ച് ശാസ്ത്രം ഏറെയൊന്നും അറിഞ്ഞിരുന്നില്ല. കോശത്തിന്‍റെ ഘടനയോ അതിന്റെ പ്രവര്‍ത്തന രീതിയോ എങ്ങനെയാണെന്ന് ശാസ്ത്ര ലോകത്തിനു ഒരു പിടിയുമുണ്ടായിരുന്നില്ല. കോശം ശാസ്ത്രത്തിനു ഒരു നിഗൂടതകള്‍ ബാക്കിയാക്കിയ ബ്ലാക്ക്‌ ബോക്സ്‌ ആയിരുന്നു. അതിനാല്‍ തന്നെ കോശം വളരെ  ലളിതം ആണ് എന്ന്  അദ്ദേഹം വിശ്വസിച്ചു. ശാസ്ത്രം വളരുമ്പോള്‍ പരിണാമ വാദത്തെ വിഷധീകരിക്കുമാര് കോശത്തിന്‍റെ  വിവരങ്ങള്‍ പുറത്തു വരുമെന്നും അദ്ദേഹം പ്രത്യാശ  വെച്ച്  പുലര്‍ത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രതീക്ഷകളെ മുഴുവന്‍ തകിടം മറിച്ചു കൊണ്ടാണ് കോശത്തിന്‍റ സങ്കീര്‍ണ്ണത വെളിവാക്കപ്പെട്ടത്. ഡാര്‍വിനു  ശേഷം ഒന്നര നൂറ്റാണ്ടോളം പിന്നിട്ടു. ഇന്നും കോശത്തിന്‍റെ ഘടന പരിണാമ വാദത്തിനു ഒരു കീറാ   മുട്ടിയായി തന്നെ തുടരുന്നു. 
സെല്ലിനെ കുറിച്ചുള്ള പഴയ സങ്കല്‍പ്പം
ക്രമാനുഗതമായ വികാസത്തിലൂടെ അതി സങ്കീര്‍ണ്ണമായ ജൈവ ഘടകങ്ങള്‍ ഉണ്ടാവുന്നില്ലെങ്കില്‍ തന്‍റെ പരിണാമ വാദ തകര്‍ന്നു തരിപ്പണമാകുമെന്നു ഡാര്‍വിന്‍ തന്നെ അഭിപ്രായ പെട്ടിട്ടുണ്ട്. ("If it could be demonstrated that any complex organ existed which could not possibly have been formed by numerous, successive, slight modifications, my theory would absolutely break down."--Charles Darwin, Origin of Species )
ജൈവ കോശം അത്ര സങ്കീര്‍ണ്ണം അല്ലെന്നു വിശ്വസിച്ചിരുന്ന അദേഹം സങ്കീര്‍ണ്ണ ഘടനയില്ലാത്ത കോശങ്ങള്‍ കൂടി  ചേര്‍ന്ന് സങ്കീര്‍ണ്ണ അവയവങ്ങള്‍ രൂപപ്പെടും എന്ന് വിശ്വസിചിട്ടുണ്ടാകാം. എന്നാല്‍ കോശം തന്നെ അതി സങ്കീര്ന്നമാനെന്നു തെളിഞ്ഞതോടെ കോശത്തിന്‍റെ അതി സങ്കീര്‍ണ്ണത വിശദീകരിക്കുക  എന്ന കനത്ത വെല്ലുവിളിയെ അഭി മുഖീകരിക്കുകയാണ്  പരിണാമ വാദം. 


കോശത്തിന്‍റെ  അതി സങ്കീര്‍ണ്ണത (irreducible complexity ) നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കോശ ഘടകങ്ങള്‍ നിരന്തരം അതി സങ്കീര്‍ണ്ണ മാര്‍ഗ്ഗങ്ങളിലൂടെ പരസ്പരം സംവേദനം നടത്തി കൊണ്ടിരിക്കുന്നു. ഈ ഘടകങ്ങള്‍ എല്ലാം  പരസ്പര ഏകോപനത്തോടെ ഒന്നിച്ചു പ്രവര്ത്തിക്കുന്നവയും ഒന്നിന് മറ്റൊന്നില്ലാതെ പ്രസകതിയില്ലാതവയുമാണ്. എങ്ങനെയാണ് പരസ്പരം ഏകോപനത്തോടെ പ്രവത്തിക്കുന്ന ഈ ഘടകങ്ങള്‍ ഒരു സൂക്ഷ്മ കൊശത്തിനകത്തു സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല:


  • ഈ ഘടകങ്ങള്‍ പരിണാമത്തിലൂടെ രൂപപ്പെട്ടതാണെങ്കില്‍ എന്തിനാണ് അവ പ്രത്യേക ധര്‍മ്മം ഒന്നുമില്ലാതിരുന്ന കാലത്ത്  പ്രകൃതി നിര്‍ദാരതിലൂടെ സംരക്ഷിക്കപ്പെട്ടത്‌.? 
  • സിമ്പിള്‍ സെല്‍ എന്ന സങ്കല്‍പ്പം തന്നെ അസ്ഥാനത്താണ്. ഒരു കോശവും സിമ്പിള്‍ അല്ല. കേവലം എന്ന് നാം വിചാരിക്കുന്ന E. coli bacterium ത്തിന്‍റെ സെല്ലില്‍ പോലും 4,൦൦൦ ജീനുകള്‍ ഉണ്ടത്രേ. അങ്ങനെ നോക്കിയാല്‍ ഭൂമിയില്‍ ഇന്ന് നില നില്‍ക്കുന്ന ജന്തു ഒരൊറ്റ കോശത്തില്‍ മാത്രം ഒരു ലക്ഷത്തില്‍ അധികം  ഭാഗങ്ങള്‍ ഉണ്ട്. അവയോന്നിനും ഒറ്റയ്ക്കുള്ള നിലനില്‍പോ ധര്‍മ്മമോ ഇല്ല. അവയില്ലെങ്കില്‍ കോശത്തിന് നില നില്‍പും  ഇല്ല.  
  •  ഉല്‍ പരിവര്‍ത്തനം (ജനിതക മ്യൂടിലേശന്‍) വഴി കോശത്തിന്‍റെ സങ്കീര്‍ണ്ണ  ഘടന രൂപപ്പെട്ടു എന്ന് വാദിക്കപ്പെടാറുണ്ട്. ഉല്‍ പരിവര്‍ത്തനങ്ങളില്‍ 99 % ല്‍ അധികവും ഹാനികരമാണെന്ന് നോബല്‍ സമ്മാന ജേതാവായ Hermann J Muller അഭിപ്രായപ്പെടുന്നുണ്ട്. മാത്രമല്ല ഉല്‍ പരിവര്‍ത്തന വിധേയമാകുന്ന ഘടകം ഉടന്‍ തന്നെ മറ്റു ഘടകങ്ങളുമായി സംവേദനം നടത്തേണ്ടതും അല്ലാത്ത പക്ഷം സ്വയം നശിപ്പിക്കപ്പെടുന്നതുമാണ് എന്ന് ജനിതക ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നു. അതായത് കോശ ഘടകങ്ങളുടെ നില നില്‍പ്‌ ഒന്ന് മറ്റൊന്നുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല. അതില്ലെങ്കില്‍ ഇതുമില്ല. എങ്കില്‍ പിന്നെ മറ്റൊന്നില്ലാതെ എങ്ങനെ എല്ലാം ഉണ്ടായി? എല്ലാം ഒന്നിച്ചുണ്ടായി എന്നതാണ് സത്യമെങ്കില്‍ ഡാര്‍വിന്‍ എഴുതി വെച്ചത് പോലെ പരിണാമ വാദം തകര്‍ന്നു തരിപ്പണമായില്ലേ ?
  •  ഈ  കോശം പരിണാമ വാദവും പ്രകൃതി നിര്‍ദാരണവും വഴി വികസിച്ചതെങ്ങനെ എന്ന് വിശദീകരിക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. ഡാര്‍വിന്‍ കരുതിയത്‌ പോലെ കോശം വെറും ജെല്ലി അറകള്‍ ആയിരുന്നെങ്കില്‍ പ്രകൃതി നിര്‍ദാരണം വഴി  എന്ന പതിവ് വിശദീകരനങ്ങളിലൂടെ പരിണാമ വാദികള്‍ക്ക് പിടിച്ചു നില്‍ക്കാമായിരുന്നു. എന്നാല്‍ ഒരു മഹാ നഗരതെക്കാള്‍ മഹത്തായ ഒരു ആസൂത്രണം അതി സൂക്ഷ്മ കൊശത്തിനകത്ത്‌ എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാന്‍ പ്രകൃതി നിര്‍ദാരണ സിദ്ധാന്തം പ്രാപതമല്ല തന്നെ.

    പിന്‍ കുറിപ്പ്:

    പരിണാമ വാദികള്‍ക്കിടയില്‍ തന്നെ ആസൂത്രണ വാദം ശക്തമാവുന്ന കാഴ്ചയാണ് ഈയിടെ കാണുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്; പരിണാമ വാദിയും നിരീശ്വര വാദിയുമായ ഡേവിഡ്‌ ആറ്റന്‍ ബാരോ (80 വയസ്സ് പിന്നിട്ട അദ്ദേഹം ജീവിതത്തില്‍ ഒരിക്കല്‍ പോലും ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല എന്നത് ചേര്‍ത്ത് വായിക്കുമല്ലോ ? ) ദൈവം    ഉണ്ടെന്നു   തോന്നുന്നു    എന്ന വെളിപ്പെടുത്തല്‍ നടത്തിയത്  ശ്രദ്ദേയമാണ്. ഒട്ടനവധി പുരസ്കാരങ്ങള്‍ നേടിയ ഈ പരിനാമാവാദി  ഒരു ദൈവത്തിലേക്ക് വിരല്‍ ചൂണ്ടുന്നത് കാണാതെ പോവരുത്.
ഡേവിഡ്‌ ആറ്റന്‍ ബാരോ 
ഒരു കോശത്തെ കുറിച്ച് പോലും വിശദീകരിക്കാന്‍ ആവാത്ത തിയറി ആസൂത്രണത്തെ അടിവരയിടുകയാണ് ചെയ്യുന്നുന്നത്.

Monday, June 4, 2012

പരിണാമ വാദത്തിനൊരാമുഖം

ബ്രിട്ടീഷുകാരനായ പ്രകൃതി നിരീക്ഷകനായ ചാള്‍സ്  റോബര്‍ട്ട്‌  ഡാര്‍വിന്‍  (AD 1809 – 1882 ) ആണ് ജൈവ പരിണാമ വാദത്തിന്‍റെ പിതാവ്. തന്‍റെ വിഖ്യാതമായ പരിണാമ വാദത്തിലൂടെ  ജീവി വര്‍ഗ്ഗങ്ങള്‍ എല്ലാം ഒരേ പൊതു പൂര്‍വ്വികനില്‍ നിന്നാണ് ഉത്ഭവിച്ചതെന്നും  അവ പിന്നീട് പ്രകൃതി നിര്‍ദ്ദാരണം വഴി ( natural selection) വൈവിധ്യമാര്‍ന്ന  ജൈവ വര്‍ഗ്ഗങ്ങള്‍ ആയി വളര്‍ന്നു വികസിക്കുകയും നില നില്‍ക്കുകയും ചെയ്തു എന്നും അദ്ദേഹം വാദിച്ചു.



പ്രകൃതി നിരീക്ഷണത്തില്‍ അതീവ താല്‍പര്യം പ്രകടിപ്പിചിരുന്നതിനാല്‍ അദേഹത്തിന്റെ മെഡിസിന്‍ പഠനം പാതി വഴിയില്‍ മുടങ്ങുകയും പിന്നീട് പിതാവിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ആര്‍ട്സില്‍ ബിരുദം നേടുകയും ചെയ്തു.ബീഗിള്‍ എന്ന കപ്പലിലെ  അഞ്ചു വര്‍ഷത്തെ തുടര്‍ യാത്രകളും അക്കാലത്തെ  നിരീക്ഷണ കുറിപ്പുകളും ഡാര്‍വിനെ ശ്രദ്ദേയനാക്കുകയും അക്കാലത്തെ പ്രകൃതി നിരീക്ഷണങ്ങള്‍ അദ്ദേഹത്തെ പരിണാമ വാദത്തിലേക്ക് നയിക്കുകയും ചെയ്തു. ദീർഘമായ ഈ യാത്രയിൽ കണ്ടുമുട്ടിയ ജീവമാതൃകകളുടേയും ഫോസിലുകളുടെയും (fossils) ഭൂമിശാസ്ത്രപരമായ വിതരണം(Geographic distribution) ഉണർത്തിയ കൗതുകം, ജീവജാലങ്ങളുടെ വർഗപരിവർത്തനത്തെക്കുറിച്ചന്വേഷിക്കാൻ ഡാർവിനെ പ്രേരിപ്പിച്ചു. ഈ അന്വേഷണമാണ് പ്രകൃതിനിർദ്ധാരണം എന്ന സിദ്ധാന്തത്തിലേക്ക് നയിച്ചത്.



ഒറിജിന്‍ ഓഫ് സ്പീഷ്യസ് (ജീവിവർഗ്ഗങ്ങളുടെ ഉല്പത്തി):

1859 ല്‍ ആണ്  പരിണാമ വാദവും  പ്രകൃതി നിര്‍ദാരണവും ഉള്‍കൊള്ളിച്ചു കൊണ്ട് തന്റെ  വിഖ്യാതമായ ഒറിജിന്‍ ഓഫ് സ്പീഷ്യസ് എന്ന കൃതി ഡാര്‍വിന്‍ പ്രസിദ്ധീകരിച്ചത് .ഈ പുസ്തകമാണ് പരിണാമ വാദത്തിന്റെയും പ്രകൃതി നിര്‍ദാരണ സിദ്ധാന്തത്തിന്റെയും അടിസ്ഥാനം.തന്‍റെ വാദങ്ങള്‍ക്ക്  ഉപോല്‍ബലകമായി ആയിരത്തിഎണ്ണൂറ്റി മുപ്പതുകളില്‍ താന്‍ നടത്തിയ കപ്പല്‍ യാത്രകളില്‍ ശേഖരിച്ച വിവരങ്ങളും തന്‍റെ നിരീക്ഷണ പരീക്ഷണങ്ങളും ഈ പുസ്തകത്തില്‍  അദ്ദേഹം  ഉള്‍കൊള്ളിച്ചു .

പ്രകൃതി നിര്‍ദാരണം:

ചുരുങ്ങിയ  വാക്കുകളില്‍ പ്രകൃതി നിര്‍ദാരണം  ഇങ്ങനെ വിവക്ഷിക്കാം. പ്രകൃതിയുമായും  ആവാസ പരിസ്ഥിതിയുമായും  ഇണങ്ങി ജീവിക്കുവാന്‍ കഴിയുന്ന ജീവ ജാലങ്ങള്‍ മാത്രം നില നില്‍ക്കുകയും അവയുടെ ജനിതക സവിശേഷതകള്‍ പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും അല്ലാത്തവ  നാമാവശേഷമാവുകയും ചെയ്യുന്നു.ഇതിനെ അര്‍ഹത  ഉള്ളവയുടെ  അതിജീവനം അഥവാ survival of the fittest എന്ന് വിളിക്കപ്പെടുന്നു. പരിണാമം എന്ന പ്രക്രിയ വഴി ജീവ ജാലങ്ങള്‍ നിരന്തരമായ മാറ്റങ്ങള്‍ക്കു വിധേയമാവുകയും ഗുണപരമല്ലാത്ത മാറ്റങ്ങള്‍ കാലാന്തരത്തില്‍ പ്രകൃതി നിര്‍ദാരണം വഴി തിരുത്തപ്പെടുകയോ ഇല്ലാതാവുകയോ ചെയ്യുകയും ഗുണപരമായ മാറ്റങ്ങള്‍ക്കു അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത്തരം ക്രമാനുഗതമായ മാറ്റങ്ങളിലൂടെ  ഒരു ജീവി കാല ക്രമേണ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ജീവിവര്‍ഗ്ഗമായി പരിണമിക്കുന്നു. ചുരുക്കത്തില്‍ ഇന്ന് ഭൂമിയില്‍ കാണുന്ന ജീവ ജാലങ്ങള്‍ക്കെല്ലാം പൊതു ഉത്ഭവമായിരുന്നു എന്നും നിരന്തരമായ പരിണാമ പ്രക്രിയ വഴി ഇന്ന് കാണുന്ന തരത്തില്‍ വിവിധ ജീവ വര്‍ഗ്ഗങ്ങള്‍ ആയി മാറുകയാണ് ഉണ്ടായത് അദേഹം  എന്നും വാദിച്ചു.


പ്രകൃതി ശാസ്ത്രഞ്ജന്‍ ആയിരുന്ന ഡാര്‍വിന്‍;  തോമസ്‌ മാല്‍താസ് (Thomas Malthus,)എന്ന സാമ്പത്തിക ശാസ്ത്രന്ജന്റെ in An Essay on the Principle of Population എന്ന ലേഖനം വായിക്കാനിടയാവുകയും അതിലെ ചിന്തകള്‍ തന്‍റെ നിരീക്ഷണങ്ങളോട് ബന്ധിപ്പിക്കുകയും  ചെയ്യുകയാനുണ്ടായത്.  ഈ സാമ്പത്തിക ലേഖന പ്രകാരം ജന സംഖ്യ സ്ഫോടനാത്മകമായ നിരക്കില്‍ ആണ് വളരുന്നതെങ്കില്‍ വിഭവങ്ങളുടെ വളര്‍ച്ച നിരക്ക് അതിനേക്കാള്‍ ഗണ്യമായ തോതില്‍ വളരെ കുറച്ചു മാത്രമാണ് . ഭക്ഷണ  വിഭവങ്ങളുടെ  സ്രോതസ്സുകള്‍ വളരെ ചുരുങ്ങിയതിനാല്‍ ജന സംഖ്യാ വളര്‍ച്ചക്കനുസരിച്ച്‌ ഭക്ഷണത്തിനായി പോരാട്ടം നില  നില്‍ക്കുന്നു എന്ന സാമ്പത്തിക ശാസ്ത്ര സിദ്ധാന്തം  ഡാര്‍വിനെ വലിയ തോതില്‍ സ്വാധീനിക്കുകയുണ്ടായി. ഇത്തരം ഒരു അതിജീവനത്തിനുള്ള   പോരാട്ടം പ്രകൃതിയില്‍ നില നില്‍ക്കുന്നു എന്നദേഹം മനസ്സിലാക്കുകയും തന്‍റെ ചിന്തകള്‍ ആ ദിശയിലേക്കു തിരിച്ചു വിടുകയും ചെയ്തു.

ഡാര്‍വിന്റെ  പരിണാമ വാദത്തെ ഇങ്ങനെ സംഗ്രഹിക്കാം:

  • ജീവ ജാലങ്ങള്‍ പൊതു ഉത്ഭവം പങ്കിടുന്നു. 
  • അവ മുന്‍  തലമുറയിലെ ജീവി  വര്‍ഗ്ഗവുമായി സ്വഭാവ സവിശേഷതകളില്‍ വ്യതിരിക്തത  പുലര്‍ത്തുന്നു.
  • പ്രകൃതി നിര്‍ദാരണ സിദ്ധാന്ത പ്രകാരം :
  1. പരിമിത വിഭവങ്ങള്‍ ഉപയോഗിച്ച് അതി ജീവിക്കാന്‍ കഴിയുന്നതിനേക്കാള്‍ ജന്തു ജാലങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നു
  2. ആയതിനാല്‍ ജീവികള്‍ പരിമിത വിഭവങ്ങള്‍ക്കായി അതി ജീവന പോരാട്ടങ്ങളില്‍ ആണ്
  3. ജന്തു ജാലങ്ങള്‍ അവയുടെ സ്വഭാവ സവിശേഷതകളില്‍ പരസ്പരം വ്യത്യാസം പുലര്‍ത്തുന്നു.ഈ സ്വഭാവ സവിശേഷതകളില്‍ ചിലത് പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നതും മറ്റു ചിലത് കാല ക്രമേണ ഇല്ലാതാവുന്നതുമാണ്.
  4. സ്വഭാവ സവിശേഷതകള്‍ക്ക് അനുസരിച്ച് ചില ജീവികള്‍ മറ്റുള്ളവയെ അപേക്ഷിച്ച് ചുറ്റുപാടുകളോട് കൂടുതല്‍ പൊരുത്തപ്പെടുകയും പ്രത്യുല്പാദനം നടത്തുകയും ചെയ്യുന്നു.
  5. പൊരുത്തപ്പെടാന്‍ കഴിയുന്നവ (അതിജീവിക്കാന്‍ അര്‍ഹതയുള്ളവ) അതിജീവിക്കുകയും ജീനുകളിലൂടെ അവയുടെ സ്വഭാവ സവിശേഷതകള്‍   പുതു  തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു.
  6. അതി ജീവിക്കാന്‍ കഴിയാത്തവ കാലാന്തരത്തില്‍ നാമാവശേഷം ചെയ്യപ്പെടുന്നു.
ജീവോല്‍പത്തിയും ജീവ വര്‍ഗ്ഗോല്‍പത്തിയും (Origin of Life  & Origin of  species )

 ജീവോല്‍പത്തിയും ജീവ വര്‍ഗ്ഗോല്‍പത്തിയും (Origin of Life  & Origin of  species ) രണ്ടാണെങ്കിലും ചര്‍ച്ച വേദികളില്‍ രണ്ടും ഒന്നിച്ചു ചര്‍ച്ച ചെയ്യപ്പെടെണ്ടി വരുന്നു. ജീവന്‍റെ ആവിര്‍ഭാവം ചര്‍ച്ച ചെയ്യുന്ന ജീവോല്‍ പത്തിയും ജീവികളുടെ വളര്‍ച്ചാ വികാസങ്ങളും വര്‍ഗ്ഗീകരണവും ചര്‍ച്ച ചെയ്യുന്ന പരിണാമ വാദവും ഒന്നിച്ചു ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കില്‍ ആണ് അത്ഭുതം.പരിണാമ ചര്‍ച്ചകള്‍ പലപ്പോഴും എങ്ങുമെത്താത്ത ജീവോല്‍പത്തി ചര്‍ച്ചകളില്‍ മുട്ടി നില്‍ക്കുകയാണ്  പതിവ് എന്നതിനാല്‍ മിക്ക പരിണാമ വാദികളും ജീവോല്‍പത്തി ചര്‍ച്ചകള്‍ക്ക് മുതിരാതെ നേരെ പരിണാമ വാദത്തിലേക്ക് കടക്കുകയാണ് പതിവ്. സാങ്കേതികമായി ജീവോല്‍പത്തിയും ജീവ വര്‍ഗ്ഗോല്‍പത്തിയും രണ്ടാണെങ്കിലും ജീവോല്‍പത്തിയുടെ  തുടര്‍ച്ചയാണ്  ജീവ വര്‍ഗ്ഗോല്‍പത്തി.

ജീവോല്‍പത്തിയെ കുറിച്ച് വിശദമായി വേറെ പോസ്റ്റുകളില്‍ നമുക്ക് ചര്‍ച്ച ചെയ്യാം.

പരിണാമ വാദത്തിന്‍റെ തെളിവുകള്‍ :

പരിണാമ വാദത്തിന്‍റെ തെളിവുകള്‍  ആയി താഴെ പറയുന്ന വിവിധ മേഖലകളിലെ ചില ഉദാഹരണങ്ങള്‍ ഉദ്ദരിക്കപ്പെടാറുണ്ട്:


1. Evolution reproduced in the lab or documented in nature.
2. Fossil evidence.
3. Genetic evidence.
4. Molecular evidence (DNA).
5. Evidence from proteins
6. Vestigial and atavistic organs.
7. Embryology (how embryos develop).
8. Biogeography (locations of species on the planet).
9. Homology.
10. Bacteriology, virology, immunology, pest-control

ഈ  തെളിവുകളിലേക്ക്‌ വിമര്‍ശനാത്മകമായ  ഒരെത്തി നോട്ടം നമുക്ക് തുടര്‍ പോസ്റ്റുകളിലൂടെ നടത്താം.

വംശ വൃക്ഷം  (Phylogenetic tree /Evolution tree)
 
അനേകം ശാഖോപശാഖകളും അവയ്ക്കെല്ലാം ആധാരമായി ഒരൊറ്റ തായ്ത്തടിയുമുള്ള ഒരു രേഖാചിത്രമായാണു് വംശവൃക്ഷം അഥവാ വംശജനിതകവൃക്ഷം. പരിണാമ വാദത്തിന്റെ അടിസ്ഥാന ആശയങ്ങളുടെ രേഖാ ചിത്രമാണ് പരിണാമ വൃക്ഷം . ചാള്‍സ് ഡാര്‍വിന്റെ 'ജീവന്‍റെ വൃക്ഷം' എന്നാ അടിസ്ഥാന ആശയത്തില്‍ നിന്നാണ് വംശ  ജനിതക വൃക്ഷം വികസിച്ചത്.




 
പരിണാമ പ്രക്രിയയെ ഒരു മരമായി സങ്കല്‍പ്പിച്ചാല്‍ ‍;ഒരു തായ് തടിയില്നിന്നും അനേകം ശാഖോപ ശാഖകള്ആയി പിരിയുന്ന   ജീവി വര്ഗ്ഗങ്ങള്ആണ് കോടാനു കോടി വരുന്ന ജന്തു  ജാലങ്ങള്‍. തായ് തടി ജന്തു ജാലങ്ങളുടെ പൊതു ഉത്ഭവത്തെ (common ancestor)സൂചിപ്പിക്കുന്നു  എന്ന്  പരിണാമ വാദികള്വാദിക്കുന്നു.

ശാഖകള്‍ പിരിയുന്ന ഭാഗം ആ വര്‍ഗ്ഗങ്ങളുടെ  തൊട്ടടുത്ത പൊതു  പൂര്‍വ്വികനും ശാഖകളുടെ  ആഗ്ര ഭാഗം ആ ജീവി വര്‍ഗ്ഗത്തിലെ നിലവിലെ അവസാനത്തെ കണ്ണിയുമാകുന്നു. പൊതു പൂര്‍വ്വികനിലേക്ക് ഒരു ജീവിയെ ബന്ധിപ്പിക്കുന്ന ശിഖിര ഭാഗം ഇട ജീവികളെ (transitional fossils ) സൂചിപ്പിക്കുന്നു. ശാസ്ത്രം വികസിക്കുമ്പോള്‍ ഇത്തരം ജീവികളുടെ ഫോസിലുകള്‍ കണ്ടെടുക്കുമെന്നും അതോടൊപ്പം പരിണാമത്തിന്റെ കുരുക്കുകള്‍ അഴിയുമെന്നും ഡാര്‍വിന്‍ കണക്കു കൂട്ടി. ചുരുക്കത്തില്‍ ഇന്ന് ഭൂമിയില്‍ കാണപ്പെടുന്ന ജീവി വര്‍ഗ്ഗങ്ങളെ സാങ്കല്‍പ്പിക രേഖകളിലൂടെ പൊതു പൂര്‍വികരിലെക്കും അത് വഴി പൊതു ഉത്ഭവത്തിലേക്കും   സാങ്കല്‍പ്പികമായി ബന്ധിപ്പിക്കുകയായിരുന്നു വംശ വൃക്ഷത്തിന്‍റെ ഉദേശം.
ഇക്കാലത്ത് Rooted trees , Unrooted trees ,Bifurcating tree,Special trees എന്നീ വ്യത്യസ്ത മാതൃകകളില്‍ ആയി ഇത്തരം ചിത്രങ്ങള്‍ നിലവില്‍ ഉണ്ട്. 






പിന്‍ കുറിപ്പ്:
പരിണാമ വാദത്തിന്‍റെ അടിസ്ഥാന ആശയങ്ങള്‍ പങ്കു വെക്കുകയായിരുന്നു ഈ പോസ്റ്റിന്റെ ഉദ്ദേശം. തുടര്‍ പോസ്റ്റുകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് ഈ പോസ്റ്റ്‌ തയ്യാറാക്കിയത്. പരിണാമ വാദത്തിന്‍റെ ഉള്ളറകളിലേക്ക് തുടര്‍ പോസ്റ്റുകളിലൂടെ നമുക്ക് ഇറങ്ങി ചെല്ലാം.