ബ്ലോഗ്ഗിന്‍റെ ഉദ്ദേശം

ശാസ്ത്രത്തിന്‍റെ പൊയ്മുഖമണിഞ്ഞ നിരീശ്വരവാദമാണ് സത്യത്തില്‍ പരിണാമ വാദം. പരിണാമ വാദത്തിന് തെളിവ് തേടിയുള്ള ഒന്നര നൂറ്റാണ്ട് കാലത്തെ പ്രയത്നങ്ങള്‍  ഓരോന്നായി കാലം തന്നെ നിരാകരിച്ചു കൊണ്ടിരിക്കുകയാണ്. അതാത് കാലങ്ങളില്‍ കൊട്ടി ഘോഷിക്കപ്പെട്ട തെളിവുകള്‍ ഓരോന്നും പിന്നീട് വഞ്ചനാത്മകമായ തെറ്റിദ്ധരിപ്പിക്കല്‍ ആയിരുന്നു എന്ന് പകല്‍ പോലെ വ്യക്തമായ വസ്തുതകള്‍ ആണ്.
കൃതൃമമായ ഫോസ്സിലുകളും  ഭ്രൂണ ചിത്രങ്ങളും തുടങ്ങി ഒട്ടനവധി കളവുകളുടെ നാണം കെട്ട ചരിത്രം വേറെയൊരു ശാസ്ത്ര ശാഖയ്ക്കുമില്ല. പരിണാമം സത്യമാണോ എന്ന അന്വേഷണത്തെക്കാള്‍ പരിണാമം സ്ഥാപിക്കുവാനുള്ള ചില കുബുദ്ധികളുടെ  ചെയ്തികളാണ് ഈ മേഖലയെ നയിക്കുന്നത്. ലോകത്തൊരു ശാസ്ത്ര ശാഖയിലും ഇത് പോലെ തട്ടിപ്പും വെട്ടിപ്പും പകല്‍ വെളിച്ചത്തില്‍ കയ്യോടെ പിടിക്കപ്പെട്ട ചരിത്രമില്ല എന്നത് തന്നെ പരിണാമ വാദികളുടെ ഉദ്ദേശ ശുദ്ധിയെ സംശയത്തിന്‍റെ നിഴലില്‍ ആക്കിയിരിക്കുന്നു. സത്യവും മിഥ്യയും ഇടകലര്‍ത്തി ജനങ്ങള്‍ക്ക്‌ സത്യമറിയാനുള്ള അവകാശം ബോധപൂര്‍വ്വം നിഷേധിക്കുന്നു. ഇന്നലെകളിലെ തെളിവുകള്‍ ഓരോന്നായി നിരാകരിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ പുതിയ തെളിവുകളുടെ മേച്ചില്‍പ്പുറങ്ങള്‍ തേടി നീങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. 


ശാസ്ത്ര ഗവേഷകരേക്കാള്‍ ഇക്കാര്യത്തില്‍ വീറും വാശിയും നിക്ഷിപ്ത താല്പര്യക്കാരായ നിരീശ്വര നിര്‍മ്മിത വാദികള്‍ക്കാണ്. ശാസ്ത്ര ലോകം പോലും നല്‍കാത്ത വ്യാഖ്യാനങ്ങളുമായി തങ്ങളുടെ ആശയങ്ങള്‍ക്ക് ശാസ്ത്രത്തിന്‍റെ പാകമാവാത്ത മേല്‍ക്കുപ്പായമണിയിക്കുന്ന തിരക്കിലാണവര്‍..  ഇത്രയധികം ശാസ്ത്ര കുതുകികള്‍ ആണെങ്കില്‍ ഇവരെന്താ നാനോ ടെക്നോളജിയെ  കുറിച്ചോ ചിപ്പ് ലെവല്‍ എന്ജിനീയരിങ്ങിനെ കുറിച്ചോ വാചാലമാവാത്തത്? കാര്യം വ്യക്തമാണ്. തങ്ങളുടെ ആശയ പ്രചാരണത്തിന് അവസാനത്തെ കച്ചിത്തുരുമ്പായ പരിണാമ വാദം സമര്‍ത്ഥമായി ഉപയോഗിക്കുക തന്നെ. അത് കൊണ്ടാണ് ശാസ്ത്ര ലോകം തന്നെ നിരാകരിച്ച ലുപ്താവയവ, ഭ്രൂണ ചിത്ര തെളിവുകളുമായി തങ്ങളുടെ ബ്ലോഗ്ഗുകളെ അവര്‍ ഇന്നും സമ്പന്നമാക്കുന്നത്.

ശാസ്ത്രം സത്യം തേടിയുള്ള അന്വേഷണത്തില്‍ ആണ് എന്ന് വിശ്വസിക്കുന്ന വിനീതനാണ് ഞാന്‍.. പരിണാമ വാദികളുടെ ഇന്നലെകളിലെ തട്ടിപ്പുകള്‍ പുറത്തു കൊണ്ട് വന്നതും ശാസ്ത്ര വികാസം കൊണ്ട് തന്നെയാണ്.ശാസ്ത്രം മുന്നോട്ടു പോകുമ്പോള്‍ കൂടുതല്‍ കൂടുതല്‍ പരുങ്ങലിലാവുകയാണ് പരിണാമ വാദത്തിന്‍റെ നില. ജീവ ശാസ്ത്രത്തിന് പരിണാമ വാദം കൂടാതെ സ്വന്തമായി നിലനില്പ്പുണ്ടെന്നു നാള്‍ക്കു നാള്‍ ബോധ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. പരിണാമ വാദത്തെ പൂര്‍ണ്ണമായും നിരാകരിച്ച ബയോളജി പുസ്തകങ്ങളും  സിലബസ്സും യൂറോപ്പിലും  അമേരിക്കയിലും കലാലയങ്ങളില്‍ വന്നു കഴിഞ്ഞു.  


എന്നിട്ടും നാള്‍ക്കു നാള്‍ വര്‍ദ്ധിത വീര്യത്തോടെ തുടരുന്ന നമ്മുടെ നാട്ടിലെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കുക എന്നത് കാല ഘട്ടം ആവശ്യപ്പെടുന്ന ദൌത്യമായി തീര്‍ന്നു.ആ ഒരു എളിയ ശ്രമത്തിന്‍റെ ഭാഗമാണ് ഈ ബ്ലോഗ്ഗ്. ഈ ഉദ്യമത്തോട്‌ യോജിപ്പും വിയോജിപ്പും ഉള്ള സുഹൃത്തുക്കള്‍ ഉണ്ടാകും. യോജിപ്പുകളില്‍ യോജിക്കാനും വിയോജിപ്പുകളില്‍ വിയോജിക്കാനും എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. അതോടൊപ്പം ഇത്തരം ശ്രമങ്ങളിലൂടെ കൂടുതല്‍ യോജിപ്പിന്‍റെ തലങ്ങള്‍ കണ്ടെത്താനും നമുക്കാവും എന്ന പ്രതീക്ഷയോടെ...

No comments: